സൂര്യാഘാതം: പാലക്കാട്ട് രണ്ടുപേര്‍ക്കുകൂടി പൊള്ളലേറ്റു

Posted on: 11 Mar 2010



രണ്ടിടത്ത് പശുക്കള്‍ ചത്തു


പാലക്കാട്: സൂര്യാഘാതമേറ്റ് വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരിയിലും ഒറ്റപ്പാലം പാലപ്പുറം പല്ലാര്‍മംഗലത്തും രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. കിഴക്കഞ്ചേരി മമ്പാട് തച്ചക്കോട് ഹംസയുടെ മകന്‍ ആരിഫിനും (20) പട്ടാമ്പി എഴുവന്തല ചന്ദ്രത്തൊടി പ്രകാശനുമാണ് (കുട്ടന്‍-25) സൂര്യാഘാതമേറ്റത്.

പല്ലാര്‍മംഗലത്ത് ഭാരതപ്പുഴയില്‍ കുളിക്കാന്‍പോയപ്പോഴാണ് കഴിഞ്ഞദിവസം പ്രകാശന് പൊള്ളലേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മമ്പാട്പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെയാണ് ആരിഫിന്റെ പുറത്ത് സൂര്യാഘാതമേറ്റത്.

ഇതിനിടെ, ലക്കിടി തെക്കുമംഗലത്തും കൊഴിഞ്ഞാമ്പാറ ശങ്കരമ്പാംപാളയത്തും സൂര്യാഘാതമേറ്റ് അവശനിലയിലായ രണ്ട് പശുക്കള്‍ ചത്തു.

ബുധനാഴ്ച കാലത്താണ് ആരിഫിന്റെ പുറത്തുള്ള തൊലി അടര്‍ന്നതായി കണ്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പുഴക്കരയില്‍ നില്‍ക്കുമ്പോള്‍ ശരീരത്തിനുപുറത്ത് കനത്തചൂടേറ്റതായി ആരിഫ് പറഞ്ഞു. തുടര്‍ന്ന് കുളികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ചൊറിച്ചിലും നീറ്റലും അനുഭവപ്പെട്ടു. കഴുത്തിനുതാഴെമുതല്‍ ഇടുപ്പുവരെയും പൊള്ളലേറ്റിട്ടുണ്ട്.

ഈപ്രദേശത്തെ ശിവദാസന്‍, വിനേഷ് എന്നിവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതായും പറയുന്നു. ഉത്തരേന്ത്യയില്‍ കാണപ്പെടുന്ന 'സണ്‍സ്‌ട്രോക്ക്' പോലെയുള്ള സൂര്യാഘാതമല്ല 'സണ്‍ബേണ്‍' ആണ് കിഴക്കഞ്ചേരിയില്‍ സംഭവിച്ചിട്ടുള്ളതെന്ന് വടക്കഞ്ചേരി ഗവ. ആസ്​പത്രിയിലെ ഡോ. രഘുനാഥ് പറഞ്ഞു.

പ്രകാശന്റെ മുതുകിലാണ് പൊള്ളിയത്. സഹോദരീഭര്‍ത്താവ് പല്ലാര്‍മംഗലം 'കീര്‍ത്തി' വീട്ടില്‍ ഹരിദാസനൊപ്പംകുളിക്കാന്‍പോയപ്പോഴാണ് സംഭവം. ചെറിയപ്രശ്‌നമായതിനാല്‍ അപ്പോള്‍ സംഭവം ഗൗരവത്തിലെടുത്തില്ലെന്ന് ഹരിദാസന്‍ പറഞ്ഞു. ഹരിദാസനും ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി പറയുന്നു.

ലക്കിടി പുത്തന്‍വളപ്പില്‍ ഉണ്ണികൃഷ്ണന്റെ പശു ബുധനാഴ്ച രാവിലെയും ശങ്കരമ്പാംപാളയത്തെ കര്‍ഷകനായ നാരായണന്റെ പശു തിങ്കളാഴ്ചയുമാണ് ചത്തത്.

രക്തംകട്ടയായാണ് ലക്കിടിയില്‍ പശു ചത്തതെന്നും സൂര്യാഘാതമാണ് കാരണമെന്ന് സംശയിക്കുന്നതായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ലക്കിടി മൃഗാസ്​പത്രിയിലെ ഡോ. സുധീര്‍ബാബു പറഞ്ഞു. കൊഴിഞ്ഞാമ്പാറയിലും കടുത്തചൂടാണ് പശുചത്തതിന് കാരണമെന്ന് കരുതുന്നു. എന്നാല്‍, സൂര്യാഘാതമാണ് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ചൊവ്വാഴ്ച ഭാരതപ്പുഴയുടെ സമീപത്ത് പാടത്ത് കെട്ടിയിരുന്ന പശു വൈകീട്ടോടെ അവശനിലയിലാവുകയായിരുന്നെന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യ ജയലക്ഷ്മി പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിച്ചെങ്കിലും സ്ഥിതിമെച്ചപ്പെട്ടില്ല. മൂന്നുവയസ്സായ പശു ആറുലിറ്റര്‍ പാല്‍ നല്‍കിയിരുന്നു.

ശങ്കരമ്പാംപാളയത്ത് കഴിഞ്ഞദിവസം പറമ്പില്‍ മേയാന്‍വിട്ട കറവപ്പശു തീറ്റയെടുക്കാതെ ഒരുദിവസം കിടന്നശേഷം വായില്‍നിന്ന് നുരയുംപതയും വന്നാണ് ചത്തതെന്നും നാരായണന്‍ പറഞ്ഞു. ദിനംപ്രതി 12 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവാണ് ചത്തത്. നാട്ടുകല്ലിലെ ശിവന്റെ രണ്ടരമാസംപ്രായമുള്ള പശുക്കുട്ടിയും ബുധനാഴ്ച മുതല്‍ അവശനിലയില്‍ കിടപ്പിലാണ്. വയറിളക്കം ബാധിച്ച പശുക്കുട്ടിയുടെ വായില്‍നിന്ന് നുരയുംപതയും വരുന്നതായും ശിവന്‍ പറഞ്ഞു. മൃഗഡോക്ടറെത്തി മരുന്നുനല്‍കിയെങ്കിലും രോഗശമനമായിട്ടില്ല. കഴിഞ്ഞദിവസം നാട്ടുകല്ലിലെ പറമ്പില്‍ തള്ളപ്പശുവിനൊപ്പം മേയാന്‍ അയച്ചശേഷമാണ് പശുക്കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് ശിവന്‍ പറയുന്നു.

ഇതിനിടെ, ചൊവ്വാഴ്ച പത്തിരിപ്പാലയില്‍ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റത് സൂര്യാഘാതം കാരണമാണെന്ന് സ്ഥിരീകരിച്ചു. മണ്ണൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. ശെല്‍വരാജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുപ്രകാരം സൂര്യാഘാതമാണെന്ന് വ്യക്തമായതായി ഡി.എം.ഒ. ഡോ. പി.ആര്‍. കരുണാകരന്‍ പറഞ്ഞു. ലക്ഷണങ്ങള്‍ അനുസരിച്ചാണ് സൂര്യാഘാതമാണെന്ന പ്രാഥമികനിഗമനത്തില്‍ എത്തിയതെന്ന് ഡോ. ടി. ശെല്‍വരാജും അറിയിച്ചു.

അതേസമയം, തുടര്‍ച്ചയായി നാലാംദിവസവും ജില്ലയില്‍ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. 41.5 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്ച മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. തിങ്കളാഴ്ച ഇത് 42 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

താപനില ഉയര്‍ന്നസാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാനും കളക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ബുധനാഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/