ആലപ്പുഴ വഴി കൊല്ലം-എറണാകുളം പാസഞ്ചര്‍ അനുവദിക്കണം -വേണുഗോപാല്‍

Posted on: 11 Mar 2010



ന്യൂഡല്‍ഹി: ആലപ്പുഴ വഴി കൊല്ലം-എറണാകുളം പാസഞ്ചര്‍ തീവണ്ടി അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. റെയില്‍വേയുടെ ബജറ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രസംഗത്തിലാണ് അദ്ദേഹം ഇതാവശ്യപ്പെട്ടത്. കൊല്ലം-എറണാകുളം മെമു സര്‍വീസ് അനുവദിച്ചതിന് നന്ദിരേഖപ്പെടുത്തിയ അദ്ദേഹം എറണാകുളം-ആലപ്പുഴ- കൊല്ലം മേഖലയിലെ തിരക്ക് പരിഹരിക്കാന്‍ പുതിയ പാസഞ്ചര്‍ തീവണ്ടിയോ നിലവിലുള്ള പാസഞ്ചറിന്റെ ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കുകയോ മാത്രമേ മാര്‍ഗമുള്ളൂവെന്ന് ചൂണ്ടിക്കാണിച്ചു. ചേര്‍ത്തല ഓട്ടോകാസ്റ്റും റെയില്‍വേയും ചേര്‍ന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന വാഗണ്‍ ഫാക്ടറിയെ ബജറ്റില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയതിനെ അദ്ദേഹം പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരമൊരു അവഗണന പാര്‍ലമെന്റ് അംഗമെന്നനിലയില്‍ മനോവിഷമം സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇക്കാര്യത്തില്‍ സത്വരനടപടികള്‍ ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്​പ്രസ് ആഴ്ചയില്‍ മൂന്നുദിവസം എന്നുള്ളത് ദിവസേനയാക്കണമെന്നും തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പുതിയ തീവണ്ടി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/