
തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ടീകോമിന്റെ പ്രധാന ആവശ്യമായ 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ടീകോമിനെ രേഖാമൂലം അറിയിച്ച കാര്യം മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനം തുടങ്ങാതെ നീട്ടിക്കൊണ്ടു പോകുന്നത് ടീകോമിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാലാണെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ''കരാറില്‍ ഇല്ലാത്ത കാര്യങ്ങള്‍ ടീകോം പറഞ്ഞുകൊണ്ടിരിക്കുന്നത് കൊച്ചിയില്‍ പണി തുടങ്ങുന്നതിന് അനുഗുണമായ സാമ്പത്തികനിലയല്ല കമ്പനിക്കുള്ളത് എന്നതിനാലാണ്. സ്വതന്ത്രാവകാശം കരാറിലുള്ള കാര്യമല്ല. അതിനാല്‍ത്തന്നെയാണ് അതു നല്‍കാനാവില്ലെന്ന് അവരെ അറിയിച്ചത്'' -വി.എസ്. പറഞ്ഞു. പണി തുടങ്ങുന്നത് ഇത്തരത്തില്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭൂമിയുടെ സ്വതന്ത്രാവകാശം നല്‍കില്ലെന്ന് അറിയിച്ചതിനു പിന്നാലെ സ്മാര്‍ട്ട്‌സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനം ഉടനെതുടങ്ങണമെന്നാവശ്യപ്പെടുന്ന അന്ത്യശാസനക്കത്തും സര്‍ക്കാര്‍ ടീകോമിന് നല്‍കും. സ്വതന്ത്രാവകാശം ഇല്ലാതെ ടീകോം നിര്‍മാണപ്രവര്‍ത്തനം തുടങ്ങില്ലെന്ന കാര്യം ഉറപ്പാണ്. അന്ത്യശാസനം നല്‍കിയിട്ടും നിര്‍മാണം തുടങ്ങിയില്ലെന്ന പേരില്‍ മേല്‍നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി.
ടീകോമിനെ ഒഴിവാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ ആരാഞ്ഞു തുടങ്ങിയിട്ട് മൂന്നുമാസത്തോളമായി. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കാന്‍ ഫിബ്രവരിയില്‍ ചീഫ് സെക്രട്ടറി നീലാഗംഗാധരന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദുബായ് കമ്പനിയെ ഒഴിവാക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടാന്‍ ആ യോഗത്തില്‍ തീരുമാനമായി. ഇതുപ്രകാരം സര്‍ക്കാര്‍ ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന്റെ അഭിപ്രായം തേടി. എത്രയും പെട്ടെന്ന് പണി ആരംഭിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാന്‍ അദ്ദേഹമാണ് നിര്‍ദേശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നതിനെ ടീകോം കോടതിയില്‍ ചോദ്യം ചെയ്യുക സ്വാഭാവികമാണ്. അപ്പോള്‍ സര്‍ക്കാരിന്റെ വാദത്തിന് നിയമപരമായ ബലം നേടാനാണ് ടീകോമിന്അന്ത്യശാസനക്കത്ത് നല്‍കുന്നത്. എ.ജിയുടെ നിര്‍ദേശ പ്രകാരം ടീകോമിന് നല്‍കാനുള്ള കത്ത് തയ്യാറായിട്ടുണ്ട്. ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.അജയ്കുമാര്‍ തയ്യാറാക്കിയ കത്ത് ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ കൈവശമാണുള്ളത്.
സ്മാര്‍ട്ട്‌സിറ്റി പദ്ധതി ഉപേക്ഷിക്കുമെന്ന സൂചനകള്‍ സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചയുടെ മറുപടിയില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്.
അതേസമയം, പണി ആരംഭിക്കാനുള്ള കാലതാമസത്തിനു കാരണം സര്‍ക്കാരാണെന്നാണ് ടീകോമിന്റെ വാദം. പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിനും ടീകോമിനും തുല്യ ഉത്തരവാദിത്വമാണുള്ളത്. പദ്ധതിക്കുള്ള ഭൂമി സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും ടീകോം അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമാണ് കരാറിലെ വ്യവസ്ഥ. പറഞ്ഞ സമയത്ത് ഭൂമി ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭൂമിയുടെ പാട്ടക്കരാറിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ലെന്ന് ടീകോം പറയുന്നു.
2007 നവംബര്‍ 15നാണ് സര്‍ക്കാരുമായി ടീകോം പാട്ട വ്യവസ്ഥകള്‍ സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ 2007 ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമായിരുന്നുവെങ്കിലും അതു സംഭവിച്ചില്ല. എന്നാല്‍, സര്‍ക്കാരിനു നല്‍കേണ്ട 16 ശതമാനം ഓഹരി മുന്‍ വാഗ്ദാനപ്രകാരം 2008 ഫിബ്രവരിയില്‍ത്തന്നെ കൈമാറിയെന്നും ടീകോം പറയുന്നു.
സ്മാര്‍ട്ട്‌സിറ്റി ഒരു പ്രത്യേക സാമ്പത്തിക മേഖലയാക്കി (സെസ്) നിര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടത് ടീകോമിന് തിരിച്ചടിയായിരുന്നു. സ്മാര്‍ട്ട്‌സിറ്റി ഭൂമിയില്‍ സ്വാഭാവിക വിഭജനമായി കടമ്പ്രയാറ് ഉള്ളതിനാല്‍ രണ്ടു സെസ്സുകളായി മാത്രമേ അംഗീകരിക്കാനാവൂ എന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയം പറഞ്ഞത്. അതിനാല്‍ ആകെയുള്ള 236 ഏക്കറില്‍ 136 ഏക്കറിനേ ഇപ്പോള്‍ സെസ് പദവി ലഭിച്ചിട്ടുള്ളൂ.
കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതും ടീകോമിനെ ചൊടിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിക്കു സമീപത്തുള്ള 160 ഏക്കര്‍ സ്ഥലം ഇന്‍ഫോപാര്‍ക്കിന് സര്‍ക്കാര്‍ കൈമാറുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ ശിലയിടുകയും ചെയ്തിരുന്നു. ഭാവിയില്‍ സ്മാര്‍ട്ട്‌സിറ്റിയുടെ വികസനത്തിന് ഉപയോഗിക്കാനാവുന്ന ഈ സ്ഥലം തങ്ങള്‍ക്കു വേണ്ടെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് കൈമാറുകയുള്ളൂ എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് ടീകോം അവകാശപ്പെടുന്നു. ഇത്തരത്തിലൊരുറപ്പും ടീകോമിന് നല്‍കിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ അതു ലംഘിക്കുന്ന ചോദ്യം ഉദിക്കുന്നില്ല എന്നുമാണ് സര്‍ക്കാരിന്റെ വാദം.