സര്‍ക്കാരും മാനേജ്‌മെന്റും ഏറ്റുമുട്ടുന്നു; അധ്യാപക നിയമനം സ്തംഭനത്തിലേക്ക്
Posted on: 11 Mar 2010
അനീഷ് ജേക്കബ്ബ്
തിരുവനന്തപുരം: അധ്യാപക നിയമനത്തെപ്പറ്റി സര്‍ക്കാരും എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ, സ്‌കൂളുകളിലെ നിയമനം സ്തംഭനത്തിലേക്ക് നീങ്ങുന്നു. നാലുവര്‍ഷത്തോളമായി അധ്യാപക നിയമനത്തിന് നിലനിന്നിരുന്ന നിരോധനം പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിബന്ധനയാണ് മാനേജ്‌മെന്റുകള്‍ എതിര്‍ക്കുന്നത്.
നിയമന നിരോധനം പിന്‍വലിച്ചപ്പോള്‍ ഇടക്കാലത്ത് നിയമിതരായ 3500 ഓളം അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കുമെന്ന സ്ഥിതിവന്നു. ഒരു മാനേജ്‌മെന്റിന് കീഴില്‍ എത്രപേര്‍ക്ക് അംഗീകാരം ലഭിക്കുന്നുവോ, തുടര്‍ന്നുണ്ടാകുന്ന അത്രയും ഒഴിവില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാമെന്ന സത്യവാങ്മൂലം അതത് മാനേജ്‌മെന്റുകള്‍ നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നു. അധ്യാപക നിയമനത്തിന് കെ.ഇ.ആര്‍. പ്രകാരം തങ്ങള്‍ക്കുള്ള അധികാരത്തിന്മേല്‍ സര്‍ക്കാര്‍ കൈവെയ്ക്കുന്നുവെന്നും ഇതംഗീകരിക്കാന്‍ ആകില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഉത്തരവിറങ്ങി ഏറെ നാളായെങ്കിലും ഒരു മാനേജ്‌മെന്റും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം തുടര്‍ന്നുള്ള ഒഴിവുകളില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാമെന്ന സത്യവാങ്മൂലം ഇനിയും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഓരോ സ്‌കൂളിലും നാലുവര്‍ഷത്തിനിടയ്ക്ക് നിയമിതരായ അധ്യാപകര്‍ക്ക് അംഗീകാരവും ശബളവും ലഭിക്കാന്‍ തുടങ്ങിയിട്ടുമില്ല.
മാര്‍ച്ചില്‍ എയ്ഡഡ് മേഖലയില്‍ നിന്ന് 2000-ല്‍പ്പരം അധ്യാപകര്‍ വിരമിക്കും. ഏപ്രില്‍ - മെയ് മാസങ്ങളിലായി ഈ ഒഴിവുകളില്‍ നിയമനം നടത്തണം. പുതിയ വ്യവസ്ഥയനുസരിച്ച് പ്രൊട്ടക്ടഡ് അധ്യാപകരെ ഒഴിവാക്കി പുതിയ നിയമനം നടത്താന്‍ സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അനുവാദം നല്‍കില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വഴങ്ങാതെ കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.
കെ.ഇ.ആര്‍. വ്യവസ്ഥ പ്രകാരം നിയമനാധികാരം മാനേജ്‌മെന്റിനായിരിക്കെ, ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ അത് കവരാന്‍ സര്‍ക്കാരിനാകില്ലെന്നാണ് മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ച നിയമോപദേശം.
ഇതേസമയം മാനേജ്‌മെന്റുകള്‍ നിയമിക്കുകയും കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് നിയമിതരായ അധ്യാപകരെ പ്രൊട്ടക്ടഡ് വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ എങ്ങനെ പരിപാലിക്കുമെന്ന് അധികൃതര്‍ ചോദിക്കുന്നു. പ്രൊട്ടക്ടഡ് അധ്യാപകരെ സംരക്ഷിക്കേണ്ട ബാദ്ധ്യത മാനേജ്‌മെന്റുകള്‍ക്കാണെന്ന യാഥാര്‍ത്ഥ്യം അവരുള്‍ക്കൊള്ളണമെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. '97 ന് മുമ്പ് നിയമിതരായ അധ്യാപകര്‍ക്കാണ് നിലവില്‍ പ്രൊട്ടക്ഷന്‍ ഉള്ളത്.
സര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഒത്തുതീര്‍പ്പിന് സാധ്യതകളുണ്ടായിരുന്നുവെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. ഉണ്ടാകുന്ന ഒഴിവുകളില്‍ പകുതി എണ്ണത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണമെന്ന നിര്‍ദ്ദേശം ഇടയ്ക്ക് ഉയര്‍ന്നിരുന്നു.
പ്രൊട്ടക്ടഡ് അധ്യാപകരെ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പട്ടികപ്രകാരമാണ് നിയമിക്കുക. ഒരു നിശ്ചിത മാനേജ്‌മെന്റിന്റെ കീഴില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ ഇല്ലെങ്കിലും മറ്റ് മാനേജ്‌മെന്റുകളാല്‍ നിയമിതരായ പ്രൊട്ടക്ടഡുകാരെ എടുക്കേണ്ടിവരുമെന്നതാണ് ഈ വ്യവസ്ഥയുടെ പ്രധാന ന്യൂനത. നിയമനം സ്തംഭനത്തിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ കെ. എസ്.ടി.എ., എ.കെ.എസ്.ടി.യു, ജി.എസ്.ടി. യു. തുടങ്ങിയ സംഘടനകള്‍ യോജിച്ച ശ്രമങ്ങള്‍ നടത്താനും ആലോചിക്കുന്നു.