പാതാളത്തിലെ കൈരളിയെ ഉയര്‍ത്താം, കൃഷ്ണനോട് പ്രാര്‍ഥിക്കാം
Posted on: 11 Mar 2010
പി.എസ്. ജയന്‍
സഭാതലം
തിരുവനന്തപുരം: 'അഡ്മിനിസ്‌ട്രേഷന്റെ എല്ലാ ലെവലിലും മലയാളമാക്കാന്‍ നേരിടുന്ന ഡിഫിക്കല്‍റ്റീസും കറക്ടീവ് മെഷേഴ്‌സും ലിസ്റ്റ് ചെയ്ത് ഫയല്‍ സബ്മിറ്റ് ചെയ്യുക' എന്ന് സര്‍ക്കാര്‍ ഫയലില്‍ ഏതെങ്കിലും സെക്രട്ടറിമാര്‍ നോട്ടെഴുതിയകാര്യം ശരിയാണോ എന്നറിയില്ല. പക്ഷേ ഇത്തരമൊരു നോട്ട് സെക്രട്ടേറിയറ്റിലുണ്ടെന്ന് സി.പി.മുഹമ്മദ് കണ്ടുപിടിച്ചു. മലയാളത്തെ ഭരണഭാഷയാക്കുന്നതിന് വിഘാതം നില്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ സഭയുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് മുഹമ്മദ് ആഞ്ഞടിച്ചു. വള്ളത്തോള്‍ മുതല്‍ കുരീപ്പുഴ ശ്രീകുമാര്‍ വരെയുള്ളവരെ ഉദ്ധരിച്ചുകൊണ്ട് മലയാളത്തിനുവേണ്ടി മുഹമ്മദ് നിരുദ്ധകണ്ഠനായി. ഒടുവില്‍ ''കൈരളി ടവര്‍ ഉയര്‍ന്നുപൊങ്ങുന്നത് നല്ലതുതന്നെയെങ്കിലും യഥാര്‍ത്ഥ കൈരളി പാതാളത്തിലേക്ക് താഴുകയാണെന്നും'' അദ്ദേഹം വിലപിച്ചു.
കവിതയുടെ കാര്യത്തില്‍ താനും ഒട്ടുംപിന്നിലല്ലെന്ന് വര്‍ക്കല കഹാറും തെളിയിച്ചു. ചോദ്യോത്തരവേളയില്‍ പോലും കവിത പ്രയോഗിക്കുന്നതില്‍ തെറ്റില്ല. അത് കുചേലവൃത്തമാണെങ്കില്‍ രസം കൂടും. വര്‍ക്കലയില്‍ വിനോദസഞ്ചാര വികസനം നടപ്പിലാക്കണമെന്ന് കഹാര്‍, മന്ത്രി കോടിയേരി ബാലകൃഷ്ണനോട് ആവശ്യപ്പെട്ടത് ഇപ്രകാരം: 'അപേക്ഷയുള്ളോരു ജനത്തിനെല്ലാം / ഉപേക്ഷ കൂടാതെ കൊടുക്കുമീശന്‍ / മനക്കരുവില്‍ കനിവുള്ള കൃഷ്ണന്‍ / നിനക്കുപണ്ടേ സഖിയായ് കേള്‍ക്ക.../ അതുകൊണ്ട് കൃഷ്ണാ... (കോടിയേരി) ബാലകൃഷ്ണാ വര്‍ക്കലയെ വികസിപ്പിക്കൂ എന്നായിരുന്നു കഹാറിന്റെ വിലാപം. എല്ലാം പരിഗണിക്കാമെന്ന് മാത്രം പറഞ്ഞ കോടിയേരിയിലെ കൃഷ്ണനാകട്ടെ 'കഹാര്‍ കുചേലനോട്' കരുണ കാട്ടിയതുമില്ല.
കൃഷ്ണന്‍ കരുണയില്ലാത്തവനാണെങ്കിലും തോമസ് ഐസക്ക് അങ്ങനെയല്ല. 'പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ട് ബാക്കി കാര്യം' എന്ന് ബജറ്റിന്റെ ആമുഖത്തില്‍ ഐസക്ക് രേഖപ്പെടുത്തിയത് വായിച്ച് തങ്ങള്‍ക്ക് രോമാഞ്ചമുണ്ടായതായി ബി. രാഘവനും എന്‍. രാജനും പറഞ്ഞു. എ.എം. ആരിഫാകട്ടെ ഒരുപടി കൂടി കടന്ന്, മണവും ഗുണവും നിറവുമുള്ള ഈ ബജറ്റ് ദോഷൈകദൃക്കുകള്‍ക്കൊഴികെ മറ്റാര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കില്ലെന്നും പറഞ്ഞുവച്ചു. ആഗോള മാനവിക വികസന സൂചികയില്‍ ഇന്ത്യയ്ക്ക് 134-ാം സ്ഥാനമാണെന്നതുള്‍പ്പെടെയുള്ള സ്ഥിതിവിവരക്കണക്കുകള്‍ 'ക്രൈസ്തവ ചിന്ത' എന്ന മാസിക ആധാരമാക്കി അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. സര്‍വകലാവല്ലഭനായ കുഞ്ഞാലിക്കുട്ടിയെയും വീരശൂരമണികണ്ഠനായ ബാലകൃഷ്ണ പിള്ളയെയുമെല്ലാം തോല്‍പ്പിച്ച് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരികയും നൂറുകണക്കിന് അവാര്‍ഡുകള്‍ നേടുകയും ചെയ്തതായും ആരിഫ് ചൂണ്ടിക്കാട്ടി. ആരിഫ് മണിയടി വീരനാണെന്ന് എം.എ. വാഹിദും ബാബുപ്രസാദും അടങ്ങുന്ന സംഘം പ്രതിവചിച്ചു. കൂടുതല്‍ നല്ല മണി ഏതുകടയില്‍ കിട്ടുമെന്നും അവര്‍ ആരിഫിനെ ഉപദേശിച്ചു. ആരിഫ് അടങ്ങിയില്ല. ''അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനല്ല ഞാന്‍'' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആ പ്രയോഗം മാതൃത്വത്തെ ചോദ്യം ചെയ്യുന്നതാണെന്ന് കെ. ബാബു പറഞ്ഞതോടെ ബഹളമായെങ്കിലും ആരിഫ് വിട്ടുകൊടുത്തില്ല. ഒടുവില്‍ എക്‌സ്ട്രാ ടൈമും കഴിഞ്ഞതോടെ മാത്രമാണ് തന്റെ പ്രയോഗ വൈഭവങ്ങള്‍ മാറ്റിവച്ച് ധനമന്ത്രിക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തുനിഞ്ഞത്. നിര്‍ദേശം നല്‍കാനുള്ള അവസരം തോമസ് ചാണ്ടിയും പാഴാക്കിയില്ല. തേയിലത്തോട്ടത്തില്‍ പച്ചക്കറി നടാനുള്ള തന്റെ പതിവ് 'ടൊമാറ്റൊ പൊട്ടറ്റൊ സിദ്ധാന്തം' ചാണ്ടി ഇത്തവണയും ആവര്‍ത്തിച്ചു. ഗള്‍ഫിലെ തന്റെ നാല് സ്‌കൂളുകളിലെകുട്ടികളെ കേരളത്തിലെ കുട്ടികളുമായി കമ്പയര്‍ ചെയ്യാന്‍പോലും പറ്റാത്തതില്‍ അദ്ദേഹം ആശ്ചര്യം കൂറി. പോഷകാഹാരമില്ലാതെ കുട്ടനാട്ടിലെ കുട്ടികള്‍ വലയുകയാണെന്നും ഇ.എസ്. ബിജിമോളുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തേയിലത്തോട്ടത്തില്‍ ടൊമാറ്റോയും പൊട്ടറ്റോയും കൃഷിചെയ്യാമെന്ന രഹസ്യം താന്‍ കണ്ടുപിടിച്ചതെന്നും തോമസ് ചാണ്ടി വെളിപ്പെടുത്തി.
ബജറ്റ് ചര്‍ച്ചയില്‍ അവസാനമായി സംസാരിച്ച ഉമ്മന്‍ ചാണ്ടി ബജറ്റിനെ മുച്ചൂടും വിമര്‍ശിച്ചെങ്കിലും ആയുര്‍വേദ പല്‍പ്പൊടിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ ധനമന്ത്രിയെ അഭിനന്ദിക്കാന്‍ മറന്നില്ല. അഭിനന്ദനം കേട്ടതും അതുവരെ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചാടിയെഴുന്നേല്‍ക്കുകയും ''കൊന്തയ്ക്കും രുദ്രാക്ഷത്തിനും നികുതി പിന്‍വലിച്ചിട്ടുള്ള കാര്യം അങ്ങ് ഓര്‍ക്കുന്നില്ലേ?'' എന്ന് ചോദിക്കുകയും ചെയ്തു. അച്യുതാനന്ദന്റെ അപ്രതീക്ഷിത ഇടപെടലില്‍ ഹരംകൊണ്ടത് പ്രതിപക്ഷമാണെന്ന് മാത്രം.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam