
കോട്ടയം:ഉത്സവം കണ്ട് ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ കോതനല്ലൂര്‍ വലിയപറമ്പില്‍ സേവി തോമസിനെ (സേവി-48) ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്തു. വീട്ടമ്മയും ഭര്‍ത്താവും പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണോദ്യോഗസ്ഥനായ കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എം.ആന്‍േറാ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ വൈദ്യപരിശോധനയ്ക്കും മറ്റ് അന്വേഷണങ്ങള്‍ക്കും ശേഷം വ്യാഴാഴ്ച വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. സംഭവസ്ഥലത്തുനിന്ന് വീട്ടമ്മയുടെ കമ്മലിന്റെ പിരികള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഫിബ്രവരി 23ന് രാത്രി 11.45ന് കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു വീട്ടമ്മയ്ക്കുനേരെ അതിക്രമം ഉണ്ടായത്. ക്ഷേത്രത്തിലെ ഉത്സവം കണ്ട് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഇത്. വാക്കത്തി കാട്ടി ഭയപ്പെടുത്തുകയും ഭര്‍ത്താവിനെ തലയ്ക്കടിച്ചുവീഴ്ത്തുകയും ചെയ്തശേഷം വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. സ്ത്രീയുടെ സ്വര്‍ണമാലയും അപഹരിച്ചു.
ദമ്പതിമാര്‍ പിറ്റേന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്കിയെങ്കിലും കേസെടുത്തില്ല. കേസെടുക്കാത്തതിന് കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വിജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.വിമല്‍, വി.എം.സണ്ണി എന്നിവരെ എറണാകുളം റേഞ്ച് ഐ.ജി. ബി.സന്ധ്യ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രതി ഒരു സ്വകാര്യ ബാങ്കില്‍നിന്ന് രണ്ടേമുക്കാല്‍ ലക്ഷം രൂപ സംഭവം ഉണ്ടായതിന് പിറ്റേന്ന് പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.