കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ നടപടിയെടുക്കണമെന്നും പരീക്ഷാഫലങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകര്‍ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ വൈസ് ചാന്‍സലറുടെ ചേംബറില്‍ നടത്തിയ ഉപരോധസമരം അക്രമാസക്തമായി. വി.സി. യുടെ ചേംബറിലെ ഫര്‍ണിച്ചര്‍ തകര്‍ക്കുകയും ഫയലുകള്‍ വലിച്ചെറിയുകയുംചെയ്തു. ടെലിഫോണും എടുത്തെറിഞ്ഞു. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വി.സി. പ്രൊഫ. പി.കെ.മൈക്കിള്‍ തരകന്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് രണ്ടരമണിക്കൂറോളംനീണ്ട ഉപരോധം അവസാനിപ്പിച്ചത്.
സെനറ്റ്‌യോഗം തുടങ്ങാനിരിക്കെ രാവിലെ പത്തോടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ വി.സി.യുടെ ചേംബറില്‍ സമരംതുടങ്ങിയത്. പ്രൊ വൈസ് ചാന്‍സലര്‍ എ.പി.കുട്ടികൃഷ്ണന്‍, സിന്‍ഡിക്കേറ്റംഗം ഡോ. കെ.പ്രദീപ്കുമാര്‍, രജിസ്ട്രാര്‍ കെ.എം.അബ്ദുള്‍റഷീദ് എന്നിവരും ചേംബറിലുണ്ടായിരുന്നു. സമരം നടക്കുന്നതിനിടെ കണ്ണപുരം എസ്.ഐ. കെ.ആര്‍.ബിജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌സംഘം വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് സമരം അക്രമാസക്തമായത്. സര്‍വകലാശാലാ അധികൃതര്‍തന്നെ പോലീസിനെ പിന്തിരിപ്പിച്ചു.
ഇതിനിടെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും സ്ഥലത്തെത്തി. വളപട്ടണം സി.ഐ. ടി.ബി.വിജയനുമായി അധികൃതര്‍ ചര്‍ച്ചനടത്തിയശേഷം പോലീസ് പിന്‍മാറിയതോടെയാണ് സമരക്കാര്‍ ശാന്തരായത്. സെനറ്റ് യോഗത്തിന്റെ ഭാഗമായി പതിവുപോലെ പോലീസ് സംരക്ഷണം തേടിയിരുന്നെങ്കിലും വി.സി. യുടെ ഓഫീസില്‍ കയറി വിദ്യാര്‍ഥികളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.വി.സി. ഡോ. എ.പി.കുട്ടികൃഷ്ണന്‍ പറഞ്ഞു. അതേ സമയം വി.സി.യുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഉള്ളില്‍ കടന്നതെന്നും ആക്ഷേപമുയര്‍ന്നു.
ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ബന്ധപ്പെട്ട സെക്ഷനില്‍നിന്ന് റിപ്പോര്‍ട്ട് കിട്ടിയാല്‍ സിന്‍ഡിക്കേറ്റ് സ്ഥിരംസമിതിക്ക് കൈമാറി നിയമാനുസൃതം നടപടിയെടുക്കുമെന്നും ഒന്നാംവര്‍ഷ ബിരുദഫലങ്ങള്‍ മാര്‍ച്ച് 22ന് പ്രസിദ്ധീകരിക്കുമെന്നും വി.സി. ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. കെ.എസ്.യു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.റിഞ്ചുമോള്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജോമോന്‍ ജോസഫ്, ഭാരവാഹികളായ സുധീപ് ജെയിംസ്, ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, സി.കെ.ശ്രീരാജ്, എം.മയൂരി, വി.രാഹുല്‍, വി.പി.അബ്ദുള്‍റഷീദ്, റിജേഷ് കൊയിലേര്യന്‍, അമേഷ് കുറുമാത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി. പരാതി ലഭിക്കാത്തതിനാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.