ആദിവാസികള്‍ക്ക് ഭൂമി: കക്ഷിചേരാന്‍ ഹര്‍ജി
Posted on: 11 Mar 2010
കൊച്ചി: വയനാട്ടില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരു ഏക്കര്‍ വീതം ഭൂമി നല്‍കണമെന്ന ആവശ്യവുമായി വയനാട് കല്പറ്റ സ്വദേശി ഡോ. നല്ല തമ്പി തേര നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ വാദം നടക്കും.
ഹരിസണ്‍ മലയാളം ലിമിറ്റഡ്, ജോര്‍ജ് പോത്തന്‍, എം.വി. ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ കക്ഷിചേര്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
സുഗന്ധഗിരിയിലെ നാലായിരം ഏക്കറോളം വരുന്ന ഭൂമിയും ആറളം ഫാമിലെ 3000 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഭൂരഹിത ആദിവാസികള്‍ക്ക് നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
ആദിവാസികളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിച്ച് സുഗന്ധഗിരിയില്‍ അവര്‍ക്കനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് വെള്ളം, വൈദ്യുതി, ആസ്പത്രി, റോഡ്, സ്‌കൂള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആറ് മാസത്തിനകം ഏര്‍പ്പെടുത്തണം. യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ വയനാട്ടിലെ എല്ലാ ആസ്പത്രിയിലും വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കണം. വയനാട്ടില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ ഉപകേന്ദ്രത്തിന് സ്ഥലം അനുവദിക്കണം.
സുധ കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണം, ആദിവാസികള്‍ക്ക് വിതരണം ചെയ്യാനായി കണ്ടെത്തിയ ഭൂമി സി.പി.എം. അംഗങ്ങളും അനുഭാവികളും കൈവശപ്പെടുത്തിയെന്ന പരാതിയെപ്പറ്റി കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഉത്തരവിടണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.