തൃപ്പൂണിത്തുറയില്‍ പിടിയിലായത് മണ്ണെണ്ണ മാഫിയ

Posted on: 11 Mar 2010




കൊച്ചി: മണ്ണെണ്ണ ഊറ്റലുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം തൃപ്പൂണിത്തുറയില്‍ പിടിയിലായത് അന്തര്‍ജില്ലാ ബന്ധമുള്ള മണ്ണെണ്ണ കരിഞ്ചന്ത മാഫിയയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായി.

പുനലൂര്‍ ഭാഗത്തേക്ക് റേഷന്‍ വിതരണത്തിനുള്ള മണ്ണെണ്ണയുമായി പോയ കെ.എല്‍. 2-1910 രജിസ്‌ട്രേഷന്‍ നമ്പരുള്ള ടാങ്കര്‍ലോറിയില്‍ നിന്ന് മണ്ണെണ്ണ ഊറ്റവേ മൂന്ന് പേരെയാണ് സിറ്റി പോലീസിന്റെ ഷാഡോ സംഘവും തൃപ്പൂണിത്തുറ പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി പിടികൂടിയത്. 13,000 ലിറ്റര്‍ മണ്ണെണ്ണ അടങ്ങിയ ടാങ്കര്‍ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ടാങ്കര്‍ലോറി ഡ്രൈവറായ പുനലൂര്‍ കുറവൂര്‍ റെജില്‍വില്ലയില്‍ കിങ്സ്റ്റണ്‍ (37), ഊറ്റുകേന്ദ്രം നടത്തിപ്പുകാരായ കോഴിക്കോട് നീട്ടൂര്‍ കണിയാന്റ പറമ്പത്ത് വീട്ടില്‍ രജീഷ് (25), മണ്ണെണ്ണ കടത്തിനുപയോഗിച്ച ഓട്ടോയുടെ ഡ്രൈവര്‍ പുത്തന്‍കുരിശ് വരിക്കോലി വാണിനിരപ്പേല്‍ മജീഷ് (26) എന്നിവരാണ് പിടിയിലായത്.

തൃപ്പൂണിത്തുറ ഇരുമ്പനം ഐ.ഒ.സി. ഫില്ലിങ് യൂണിറ്റിന് സമീപം അനീഷ് സി. മുരളിയുടെ ലൈസന്‍സിലുള്ള റേഷന്‍കട കേന്ദ്രീകരിച്ചാണ് ഊറ്റല്‍കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

റേഷന്‍കട ഉടമയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടത്തെ ഊറ്റല്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാസങ്ങളായി മണ്ണെണ്ണ കടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

ഐ.ഒ.സി, ഭാരത് പെട്രോളിയം തുടങ്ങിയ കമ്പനികളില്‍ നിന്ന് റേഷന്‍ വിതരണത്തിന് നല്‍കുന്ന മണ്ണെണ്ണയാണ് ടാങ്കര്‍ലോറികളില്‍ നിന്ന് സംഘം ഊറ്റിയിരുന്നത്. ഓരോ ടാങ്കറില്‍ നിന്നും 50 മുതല്‍ 60 വരെ ലിറ്റര്‍ മണ്ണെണ്ണയാണ് ഊറ്റിയിരുന്നതെന്ന് സ്‌പെഷല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ഇല്ലിക്കല്‍ ഷംസു പറഞ്ഞു. കുറഞ്ഞ അളവായിരുന്നതിനാല്‍ പലപ്പോഴും തട്ടിപ്പ് കണ്ടെത്താനായിരുന്നില്ല.

മണ്ണെണ്ണ കയറ്റി വരുന്ന ടാങ്കറുകള്‍ 'സീല്‍' ചെയ്യാറില്ലെന്നതും സംഘത്തിന് പ്രചോദനമായി. റേഷന്‍ കടകളില്‍ ലിറ്ററിന് 10 രൂപയ്ക്ക് വിതരണം ചെയ്യേണ്ട മണ്ണെണ്ണ കരിഞ്ചന്തയില്‍ ലിറ്ററിന് 32 രൂപയ്ക്കാണിവര്‍ നല്‍കിയിരുന്നത്.

ഒരു ലിറ്റര്‍ ഊറ്റുന്നതിന് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് 23 രൂപയും റേഷന്‍കട ഉടമയ്ക്ക് നാല് രൂപയും ഊറ്റുന്ന ആള്‍ക്ക് നാല് രൂപയും ഓട്ടോ ഡ്രൈവര്‍ക്ക് ഒരു രൂപയുമാണ് നല്‍കിയിരുന്നത്. ഊറ്റല്‍ നടത്തിയിരുന്ന റേഷന്‍കടയില്‍ ഇന്‍സ്‌പെക്ഷന്‍ ബുക്ക്, സ്റ്റോക്ക് രജിസ്റ്റര്‍, ബില്‍ ബുക്ക് എന്നിവ സൂക്ഷിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരുമാസത്തിനിടെ രണ്ടാമത്തെ ഊറ്റല്‍ കേന്ദ്രമാണ് തൃപ്പൂണിത്തുറയില്‍ നിന്ന് കണ്ടെത്തുന്നത്.

ടാങ്കര്‍ലോറികളിലെ ഇന്ധനത്തിനൊപ്പം ചേര്‍ക്കാനായി മണ്ണെണ്ണ നല്‍കുന്ന ഇടപാടും ഇവര്‍ നടത്തിയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഐ.ഒ.സി. ഗേറ്റില്‍ നിന്ന് കേവലം 50 മീറ്റര്‍ ദൂരത്തിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ. മാരായ ജിജു, വിജയശങ്കര്‍, പോലീസുകാരായ പ്രദീപ്കുമാര്‍, അഫ്‌സല്‍, ഹരിമോന്‍, ഉണ്ണികൃഷ്ണന്‍, ജൂഡ്, ലാലു, സുനില്‍ ദാസ്, രാജേഷ്, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ കുടുക്കിയത്. അറസ്റ്റിലായവരെ കൂടുതല്‍ അന്വേഷണത്തിനായി തൃപ്പൂണിത്തുറ പോലീസിന് കൈമാറി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/