
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍വേയ്ക്ക് അനുമതി നല്‍കുമെന്നും നഗരത്തില്‍ നാല് മേല്‍പ്പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ അറിയിച്ചു. കൊച്ചി ഗതാഗത വികസന ജനകീയ കര്‍മസമിതി ചെയര്മാന് കൂടിയായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരും ജനറല്‍ കണ്‍വീനര്‍ പി. രാജീവ് എം.പി.യും നല്കിയ നിവേദനത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
മെട്രോ സംബന്ധിച്ച് ധനമന്ത്രാലയം ചില എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തിപരമായി ഇടപെട്ട് അനുകൂല തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായും പി. രാജീവ് അറിയിച്ചു. ഇടപ്പള്ളി, കുണ്ടന്നൂര്‍, പാലാരിവട്ടം, വൈറ്റില മേല്‍പ്പാലങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ മേല്‍പ്പാലങ്ങളെ ബന്ധപ്പെടുത്തി എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശം ഗതാഗതമന്ത്രി കമല്‍നാഥിന് നല്‍കും. ഏകോപനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ നിര്‍വഹിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ 'രാജര്‍ഷി'യാണ് വി.ആര്, കൃഷ്ണയ്യരെന്നും പ്രധാനമന്ത്രി പറഞ്ഞതായി പി. രാജീവ് അറിയിച്ചു. ഗതാഗതമന്ത്രി കമല്‍നാഥിനും നഗരവികസനമന്ത്രി ജയ്പാല് റെഡ്ഢിക്കും സമിതി നിവേദനം നല്‍കിയിട്ടുണ്ട്.