ജി. ഷഹീദ്

കൊച്ചി: മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്തും. പുതിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ അവയില്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ പൊളിച്ചുനീക്കാന്‍ ഉദ്ദേശിക്കുന്നില്ല.
മൂന്നാറിനു മാത്രമായി പ്രത്യേക ടൗണ്‍പ്ലാനിങ് നിയമവും വികസന അതോറിറ്റിയും രൂപവത്കരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം നടക്കും. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അഡ്വക്കെറ്റ് ജനറലും അഡീഷണല്‍ അഡ്വ. ജനറലും പങ്കെടുക്കും.
മൂന്നാറിനെ ചുരുങ്ങിയത് നാല് മേഖലകളാക്കി തിരിക്കും. ഇക്കോ ടൂറിസം പദ്ധതിക്കും മുന്‍ഗണന നല്‍കും. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമായിരിക്കും. കെട്ടിടങ്ങള്‍ നിര്‍മിക്കാനും മാര്‍ഗരേഖകള്‍ രൂപവത്കരിക്കും. മൂന്നാര്‍ പ്രദേശത്തിനു മാത്രമായി ഒരു അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണറെ നിയോഗിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.
മൂന്നാറിനു മാത്രമായി രൂപവത്കരിക്കുന്ന പ്രത്യേക ട്രിബ്യൂണല്‍ ആയിരിക്കും പട്ടയങ്ങളുടെ സാധുത പരിശോധിക്കുക. എല്ലാ പട്ടയങ്ങളും സ്വമേധയാ വിളിപ്പിച്ച് പരിശോധിക്കാന്‍ ട്രിബ്യൂണലിന് അധികാരമുണ്ടായിരിക്കും.
കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്പിക്കും. ആറു മാസമാണ് സമയപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയുടെ ആധാരങ്ങളും മറ്റ് രേഖയും പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. വ്യാജ ആധാരങ്ങളും വ്യാജ പട്ടയങ്ങളും റദ്ദാക്കിക്കൊണ്ട് ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. അധികൃതര്‍ക്ക് സംശയമുള്ള ഏത് രേഖയും പരിശോധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങളാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക.
മൂന്നാര്‍ വികസന അതോറിറ്റിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആയിരിക്കും ചെയര്‍മാന്‍. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അതില്‍ അംഗങ്ങളാകും. ഈ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മന്ത്രിസഭാ ഉപസമിതി കൂടെക്കൂടെ വിലയിരുത്തും.
മൂന്നുവര്‍ഷം മുമ്പ് ഇങ്ങനെയൊരു നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നുവെങ്കിലും പിന്നീട് അത് പ്രായോഗികമായില്ല. മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ എന്നീ പ്രദേശങ്ങളിലെ കൈയേറ്റക്കാരുടെ പട്ടികയും സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ഭൂമി സര്‍വേയും ആരംഭിക്കുന്നതാണ്. ഹൈദരാബാദിലെ റിമോട്ട് സെന്‍സിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായത്തോടെ ഉപഗ്രഹ സര്‍വേയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
മൂന്നാര്‍ ട്രിബ്യൂണലായി സേവനം അനുഷ്ഠിക്കാന്‍ ജില്ലാ ജഡ്ജിയുടെ സേവനത്തിനായി ഹൈക്കോടതിയെ സര്‍ക്കാര്‍ സമീപിക്കും. ട്രിബ്യൂണല്‍ വിധിക്ക് എതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലായിരിക്കും അപ്പീല്‍ നല്‍കേണ്ടത്.