അവിശ്വാസപ്രമേയം: മുലായവും ലാലുവും പിന്മാറി
Posted on: 11 Mar 2010
ജെ.ഡി.യുവില്‍ ചേരിപ്പോര് ശക്തം
ന്യൂഡല്‍ഹി: വനിതാസംവരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയും പാര്‍ലമെന്റിനെ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തശേഷം യാദവ പാര്‍ട്ടികള്‍ അടുത്ത തന്ത്രത്തിന്റെ വഴികള്‍ തേടുന്നു. സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് സമാജ്വാദി പാര്‍ട്ടിയും രാഷ്ട്രീയ ജനതാദളും ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും അത്തരമൊരു നീക്കത്തില്‍നിന്ന് അവര്‍ പിന്മാറി. വനിതാസംവരണ ബില്‍ ഈ രൂപത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ കൈ മെയ് മറന്നിറങ്ങിയ ശരത്യാദവിന്റെ ജനതാദള്‍(യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഈ പ്രശ്നത്തില്‍ പാര്‍ട്ടിക്കകത്ത് പടപ്പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി പിളരില്ലെന്ന് ബുധനാഴ്ച ജെ.ഡി.യു അധ്യക്ഷന്‍ ശരത്യാദവ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ ഈ സാഹചര്യത്തില്‍ ലോക്സഭയില്‍ 50 അംഗങ്ങളുടെ ഒപ്പ് വേണം. ഇത് ലഭിക്കാനുള്ള സാധ്യത ഇല്ലാത്തതാണ് പിന്മാറാന് കാരണമെന്ന് മുലായം ബുധനാഴ്ച വ്യക്തമാക്കി. ''ഇപ്പോള്‍ ഒന്നുമില്ല, ഒന്നുകൂടി ആലോചിച്ച് തീരുമാനിക്കാനുണ്ട്. ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള എം.പിമാരുമില്ല''-സഭയില്‍ നിന്നിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് മുലായം പറഞ്ഞു. എല്ലാകാലത്തും വനിതാസംവരണത്തിന് തങ്ങള്‍ അനുകൂലമാണെന്നും എന്നാല്‍ സംവരണത്തിനകത്ത് പിന്നാക്ക സംവരണം വേണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന തുടങ്ങിയ കക്ഷികളുമായി ശരത് യാദവിന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി സൂചനകളുണ്ട്. എന്നാല്‍ അവിശ്വാസ പ്രമേയത്തെ ഈ അവസരത്തില്‍ പിന്തുണയ്ക്കില്ലെന്ന് ബി.ജെ.പി, ഇടതുകേന്ദ്രങ്ങള്‍ വ്യക്തമാക്കി. അവിശ്വാസത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്നാണ് ലാലു പറഞ്ഞത്. ''ഞങ്ങള്‍ക്ക് നാല് എം.പിമാരേയുള്ളൂ. അതുകൊണ്ട് തന്നെ ഒരു അവിശ്വാസവുമില്ല. അത്തരം നീക്കങ്ങളില്ല. എല്ലാ വാര്‍ത്തകളും തെറ്റാണ്''-അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ ഔദ്യോഗികമായി പിന്‍വലിക്കുവാന്‍ ഇതുവരെ ആര്.ജെ.ഡി.യും എസ്.പി.യും രാഷ്ട്രപതിയെ കണ്ടിട്ടുമില്ല. രാഷ്ട്രപതിയെ കാണാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുലായം ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ രാഷ്ട്രപതിയുടെ സമയം ലഭിക്കാത്തതിനാല്‍ കാണാനായില്ലെന്ന് ലാലു പറഞ്ഞു.
അതേസമയം വനിതാ സംവരണത്തിന്റെ പേരില്‍ പാര്‍ട്ടിയിലുള്ള അഭിപ്രായവ്യത്യാസം പിളര്‍പ്പിലേക്ക് നീങ്ങില്ലെന്ന് ശരത് യാദവ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് രണ്ടുചേരികളുണ്ടെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ''പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കും. പിളര്‍പ്പിനെ ക്കുറിച്ചുള്ള വാര്‍ത്തകള്‍ അര്‍ത്ഥശൂന്യമാണ്. രാജ്യത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എതിര് നില്ക്കുന്ന നിയമത്തിനെ ഞങ്ങളും തുടര്‍ന്നും എതിര്‍ക്കും''-അദ്ദേഹം പറഞ്ഞു. വനിതാ സംവരണത്തെക്കുറിച്ച് പാര്‍ട്ടിയില്‍ രണ്ടഭിപ്രായമുണ്ടെന്ന് ജെ.ഡി.യു വക്താവും രാജ്യസഭാംഗവുമായ ശിവാനന്ദ് തിവാരിയും പറഞ്ഞു. 'മറ്റെല്ലാ പാര്‍ട്ടയിലും ഉള്ളപോലെ സ്വാഭാവികമാണിത്. ഇത് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്'- തിവാരി പറഞ്ഞു.