ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തത് രജിസ്ട്രിയുടെ ഉത്തരവനുസരിച്ച്
Posted on: 11 Mar 2010
ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ റിട്ട്ഹര്‍ജി ജനവരി 19ന് അന്തിമവാദത്തിന് പരിഗണിക്കാന്‍ നേരത്തേ നിശ്ചയിച്ചത് സുപ്രീംകോടതി രജിസ്ട്രി കഴിഞ്ഞ നവംബര്‍ 25ന് പുറപ്പെടുവിച്ച ഉത്തരവും ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശവും കണക്കിലെടുത്താണെന്ന് മറുപടിയില്‍ അധികൃതര്‍ വ്യക്തമാക്കി. പിണറായിയുടെ റിട്ട് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന അഡ്വ. അസഫലി വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിന്റെ മറുപടിയിലാണ് ഇതുള്ളത്.
ആഗസ്ത് 31ന്റെ സുപ്രീംകോടതി ഉത്തരവിനുശേഷം രജിസ്ട്രാറുടെ കോടതിയില്‍ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നു. അന്ന് കേസിലെ എല്ലാ പാര്‍ട്ടികളും ഹാജരായി. ഹര്‍ജിക്കുള്ള മറുപടി നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാമെന്ന് എല്ലാ കക്ഷികളും സമ്മതിച്ചതനുസരിച്ച് രജിസ്ട്രാര്‍ ഉത്തരവിട്ടു. മറുപടിക്ക് എതിര്‍മറുപടി ഉണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാന്‍ നാലാഴ്ചത്തെ സമയം വേറെയും അനുവദിച്ചു. രജിസ്ട്രാര്‍ കോടതിയുടെ ഉത്തവരും തുടര്‍ന്ന് ചീഫ്ജസ്റ്റിസിന്റെ നിര്‍ദേശവും കണക്കിലെടുത്താണ് കേസ് ജനവരി 19ന് ലിസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ രജിസ്ട്രാറും സുപ്രീംകോടതിയുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ രാജ്പാല്‍ അറോറ വിശദീകരിച്ചു.
വധശിക്ഷ വിധിച്ചതിനെതിരെ 35 അപ്പീല്‍ ഹര്‍ജികള്‍ സുപ്രീംകേടതിയുടെ പരിഗണനയിലുണ്ടെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ രജിസ്ട്രി അറിയിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹര്‍ജികളാണിത്. കരുതല്‍ തടങ്കല്‍ നിയമപ്രകാരം മുന്‍കൂട്ടി അറസ്റ്റ് ചെയ്യപ്പെട്ടതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനുണ്ട്. കോടതി ഫയലില്‍ സ്വീകരിച്ച 358 ക്രിമിനല്‍ റിട്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കാനുണ്ടെന്ന് മറ്റൊരു മറുപടിയില്‍ കോടതി പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam