വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കണം - അദ്വാനി

Posted on: 11 Mar 2010



ന്യൂഡല്‍ഹി: വിദ്യാസമ്പന്നരുടെ ഇടയില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുന്നതായും ഇത് പരിഹരിക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നതായും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ വിവിധമേഖലകളില്‍ വിദ്യാഭ്യാസം അടിസ്ഥാനമാക്കി സര്‍വേ നടത്തിയാല്‍ ബിരുദധാരികളുടെയും ബിരുദാനന്തരബിരുദധാരികളുടെയും മറ്റ് ഉയര്‍ന്ന വിഭാഗങ്ങളുടെയും ഇടയില്‍ വോട്ട് ചെയ്യുന്നവരുടെ അനുപാതം താഴെ തട്ടിലുള്ളവരേക്കാള്‍ വളരെ കുറവായിരിക്കും. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലവാരം കുറയ്ക്കും. വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്നതിലൂടെ ഇത് പരിഹരിക്കാന്‍ കഴിയും-തന്റെ പുതിയ ബ്ലോഗിലാണ് അദ്വാനി ഇങ്ങനെ അഭിപ്രായപ്പെടുന്നത്.

ഇക്കാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പാത പിന്തുടരണമെന്നും അദ്വാനി പറയുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയുള്ള നിയമം സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയിരുന്നു.

ഓസ്‌ട്രേലിയ, അര്‍ജന്റീന, ഇറ്റലി, ബ്രസീല്‍, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ ഇരുപത്തിയഞ്ച് രാജ്യങ്ങളിലെ എഴുപതു കോടി ജനങ്ങള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോലും നിര്‍ബന്ധമായി വോട്ട് ചെയ്യുന്നുണ്ടെന്ന കാര്യം ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും അറിയില്ല. രാഷ്ട്രീയ നിരീക്ഷകര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം-അദ്വാനി പറയുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/