സാധു യാദവിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു
Posted on: 11 Mar 2010
പട്‌ന: വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ട്ടി നിലപാട് ധിക്കരിച്ച മുന്‍ എം.പി. അനിരുദ്ധ് പ്രസാദ് എന്ന സാധുയാദവിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യാസഹോദരനാണ് സാധുയാദവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് യാദവിന് കത്ത് നല്‍കുമെന്നും ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അനില്‍ ശര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വനിതാ ബില്ലിനോടുള്ള പ്രതിഷേധസൂചകമായി പാര്‍ട്ടി വിടുമെന്ന് കഴിഞ്ഞദിവസം സാധുയാദവ് ഭീഷണിമുഴക്കിയ സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ലാലുവുമായി തെറ്റിപ്പിരിഞ്ഞാണ് സാധുയാദവ് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ചമ്പാരന്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.