കെ.എ. ജോണി

ചെന്നൈ: പത്രോസ് പീറ്റര്‍ എന്ന ഇ.പി. പീറ്ററിന് വര കൂടപ്പിറപ്പായിരുന്നു. കോട്ടയം ബസേലിയോസ് കോളേജില്‍നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ സേലത്തേക്ക് വണ്ടികയറുമ്പോഴും മനസ്സില്‍ എരിഞ്ഞുനിന്നത് വരയോടുള്ള ഈ അഭിനിവേശമാണ്.
സഹോദരന്മാരുടെ ടയര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് പീറ്റര്‍ സേലത്തെത്തിയത്. ''പക്ഷേ, എനിക്കറിയാവുന്ന തൊഴില്‍ കാര്‍ട്ടൂണ്‍തന്നെയായിരുന്നു''- 35 കൊല്ലത്തിനപ്പുറത്ത് സേലം ദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ട് പീറ്റര്‍ പറയുന്നു.
സേലത്തുവെച്ച് ശങ്കേഴ്‌സ് വീക്കിലിക്ക് അയച്ചുകൊടുത്ത രണ്ടുമൂന്ന് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതാണ് പീറ്ററിന്റെ ജീവിതം വഴിതിരിച്ചുവിട്ടത്. കാര്‍ട്ടൂണുകള്‍ കണ്ട ഒരു അഭ്യുദയകാംക്ഷി ചെന്നൈയില്‍ ദിനതന്തി പത്രത്തിലേക്ക് ഒരു കത്തുമായി പീറ്ററിനെ പറഞ്ഞുവിട്ടു. 1975-ലായിരുന്നു അത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലാണ് പീറ്റര്‍ എന്ന കാര്‍ട്ടൂണിസ്റ്റിന്റെ പേന ചലിച്ചുതുടങ്ങുന്നത്.
രണ്ടുകൊല്ലം ദിനതന്തിയില്‍ പീറ്റര്‍ വരച്ചു. ഈ വര കണ്ട് ദിനമലറിന്റെ ഉടമകളിലൊരാളായ രമേഷ് ആണ് പീറ്ററിനെ സ്വന്തം പത്രത്തിലേക്കു വിളിച്ചത്. കഴിഞ്ഞ 33 കൊല്ലമായി ദിനമലറിന്റെ താളുകളില്‍ പീറ്റര്‍ നിതാന്തസാന്നിധ്യമാണ്. ആഴ്ചയില്‍ ഏഴുദിവസവും കൊല്ലത്തില്‍ 365 ദിവസവും ഒരു പത്രത്തില്‍ രണ്ട് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നവര്‍ ചിലപ്പോള്‍ വേറെയാരുംതന്നെയുണ്ടാവില്ല. ദിനമലറില്‍ പീറ്റര്‍ നിത്യേന വരയ്ക്കുന്ന 'ടീക്കടൈ ബഞ്ച്' ഏറെ ജനപ്രിയമാണ്.
എം.ജി.ആര്‍. മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഭരണകൂടവുമായി പീറ്റര്‍ ആദ്യമായൊന്നിടയുന്നത്. നിയമസഭയ്ക്ക് പുറത്ത് ഒരു കുറുക്കനും കുരങ്ങനും നടത്തുന്ന സംഭാഷണം കാര്‍ട്ടൂണാക്കിയതാണ് പ്രശ്‌നമായത്. നിയമസഭാമന്ദിരത്തിന് വെളിയില്‍ വന്നുനില്ക്കുന്നതെന്തിനാണെന്ന് കുരങ്ങന്‍ കുറുക്കനോട് ചോദിക്കുന്നു. 'എന്റെ ബന്ധുക്കള്‍ ഇവിടെയാണുള്ളത്.' കുറുക്കന്റെ ഈ മറുപടി നിയമസഭയ്ക്കുള്ളില്‍ വലിയ പ്രശ്‌നമായി. പീറ്ററിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കണമെന്ന് എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ എം.ജി.ആര്‍. ഇടപെട്ടാണ് പ്രശ്‌നം രമ്യമായി പരിഹരിച്ചതെന്ന് പീറ്റര്‍.
തന്നെ കടലിലിട്ടാല്‍ താന്‍ കട്ടമരംപോലെ പൊങ്ങിക്കിടക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി ഒരിക്കല്‍ പ്രസ്താവന നടത്തി. അടുത്തദിവസം ദിനമലറില്‍ പീറ്റര്‍ വരച്ച കാര്‍ട്ടൂണില്‍ വൈകോയായിരുന്നു കേന്ദ്രകഥാപാത്രം. കരുണാനിധിയുടെ പ്രസ്താവനയില്‍ പിടിച്ചുകൊണ്ട് വൈകോ പറയുന്നു. 'അങ്ങനെയാണെങ്കില്‍ ആ കട്ടമരത്തില്‍ കയറി ഞാന്‍ ലങ്കയ്ക്കുപോകും.' ഡി.എം.കെ.യുടെ മുഖപത്രമായ മുരശൊലിയിലാണ് കരുണാനിധി ഇതിന് മറുപടി പറഞ്ഞത്. 'തമ്പി, ബദലായിട്ട് ഞാന്‍ വരച്ചാല്‍ നിനക്കത് താങ്ങാന്‍ പറ്റിയെന്നുവരില്ല.'
തമിഴകത്തെ രാഷ്ട്രീയനേതാക്കളില്‍ പീറ്ററിന് വരയ്ക്കാന്‍ ഏറ്റവുമിഷ്ടം കരുണാനിധിയെത്തന്നെ. കറുത്ത കണ്ണടയും മഞ്ഞ ഷാളും ഒന്നു കോറിയിടുമ്പോഴേക്കും കരുണാനിധിയുടെ രൂപം വിടരുകയായി.
37 വര്‍ഷത്തിനിടെ മലയാളത്തിലെ മിക്കവാറും എല്ലാ ആനുകാലികപ്രസിദ്ധീകരണങ്ങളിലും പീറ്ററിന്റെ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ട്. നാല് ദശാബ്ദത്തോടടുക്കുന്ന കാര്‍ട്ടൂണ്‍ സപര്യയില്‍ ഒരു പുരസ്‌കാരം പീറ്ററിനെ തേടിയെത്തുന്നത് ഇപ്പോള്‍ മാത്രമാണ്.
പക്ഷേ, അതില്‍ ദുഃഖമോ പരിഭവമോ വേണ്ടെന്ന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കേശവ് പറയുന്നു. ''തമിഴ്‌നാട്ടിലെ ജനങ്ങള്‍ പീറ്ററിനെ എന്നേ അംഗീകരിച്ചുകഴിഞ്ഞു.''