നോട്ടിരട്ടിപ്പ്: കേരളത്തില്‍ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റില്‍

Posted on: 11 Mar 2010



ചെന്നൈ: കേരളം ഉള്‍പ്പെടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടേറെ തട്ടിപ്പുകേസുകളില്‍ പ്രതികളായ സംഘത്തെ ചെന്നൈ പുളിയന്തോപ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ നോട്ടിരട്ടിപ്പിച്ചും സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ നല്‍കിയും തട്ടിപ്പു നടത്തിയ തിരുന്നല്‍വേലി സ്വദേശി അമീര്‍ എന്ന കാര്‍ത്തികേയന്റെ (27) നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അറസ്റ്റിലായത്. അമീറും സഹായികളായി പ്രവര്‍ത്തിച്ച പോരൂര്‍ ആലപ്പാക്കത്തെ മുരളി, ഭാര്യ ലക്ഷ്മി, രാജേന്ദ്രന്‍ എന്നിവരുമാണ് പിടിയിലായത്.

ഡ്രാഫ്റ്റ്‌സ്മാനായി ജോലി ചെയ്ത് വരുന്ന തങ്കരാജ് എന്നയാളെ അമീര്‍ ഫോണില്‍ വിളിച്ച്, നൂറുരൂപയ്ക്ക് 60 പൈസ എന്ന നിരക്കില്‍ വായ്പ നല്‍കാമെന്നും തന്റെ കൈയില്‍ കണക്കില്‍ക്കവിഞ്ഞ പണമുണ്ടെന്നും വിശ്വസിപ്പിച്ചു. തുടര്‍ന്ന് തങ്കരാജ് സ്വന്തം ബിസിനസ് വിപുലീകരിക്കാനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപയ്ക്ക് ജാമ്യമായി വീടിന്റെയും സ്ഥലത്തിന്റെയും ആധാരം നല്‍കണമെന്ന് അമീര്‍ പറഞ്ഞു. തുടര്‍ന്ന് ഇടപാടുകള്‍ ഉറപ്പിച്ച് പണം പെട്ടിയില്‍ അടുക്കിയ നിലയില്‍ തങ്കരാജിന് നല്‍കി. 25,000 രൂപ കൈയിലും കൊടുത്തു. തങ്കരാജ് വീട്ടിലെത്തി പെട്ടി വിശദമായി പരിശോധിച്ചപ്പോള്‍ ഓരോ കെട്ടിന്റെയും താഴെയും മുകളിലും മാത്രമേ നൂറുരൂപയുണ്ടായിരുന്നുള്ളൂ. ഉടനെ അമീറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല.

തുടര്‍ന്ന് തങ്കരാജ് പുളിയന്തോപ്പ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഘത്തെ പോരൂരിലെ ആലപ്പാക്കത്തെ വീട്ടില്‍ നിന്നു പിടികൂടി. കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് അമീര്‍ പോലീസിനോട് സമ്മതിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/