തൊഴില്‍ തട്ടിപ്പ്: രണ്ട് മലയാളികള്‍ അറസ്റ്റില്‍

Posted on: 11 Mar 2010


കെ.കെ.സുരേഷ്‌കുമാര്‍



ചെന്നൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം തൊഴിലന്വേഷകരെ കബളിപ്പിച്ച രണ്ട് മലയാളികള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ അവണിശ്ശേരി മണിക്കച്ചേരിവീട്ടില്‍ അനില്‍ (45), പാലക്കാട് അട്ടിപല്ലത്തെ യേശുദാസ് (22) എന്നിവരാണ് ഒറീസ്സ യുവാക്കളുടെ പരാതിയില്‍ അറസ്റ്റിലായതെന്ന് ചെന്നൈ ഒട്ടേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മണി പറഞ്ഞു.

2002 മുതല്‍ മുംബൈ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇവര്‍ അടുത്തകാലത്താണ് ചെന്നൈയില്‍ എത്തിയത്. അനിലും യേശുദാസും പെരമ്പൂര്‍ റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് പിടിയിലായത്. പോലീസ് തിരഞ്ഞു വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടുപേരും നഗരം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ഇവര്‍ താമസിച്ച ഒട്ടേരിയിലെ ലോഡ്ജ്മുറിയില്‍ നടത്തിയ തിരച്ചിലില്‍ 102 പാസ്‌പോര്‍ട്ടുകള്‍, രണ്ട് മൊബൈല്‍ഫോണുകള്‍, ആറ് എ.ടി.എം.കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. പാടി എം.ടി.എച്ച്.റോഡിലെ ഒരു സ്ഥാപനത്തില്‍നിന്ന് നല്‍കിയ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍, മൈലാപ്പൂരിലെ ആസ്​പത്രിയില്‍നിന്ന്‌നല്‍കിയതായി രേഖപ്പെടുത്തിയ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു.

2002 മുതല്‍ അനില്‍ മുംബൈയില്‍ വി.ജി.കണ്‍സള്‍ട്ടന്‍സി, അല്‍മഷ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയ പേരുകളില്‍ രണ്ട് സ്ഥാപനം നടത്തിയിട്ടുണ്ട്. യേശുദാസ് മാനേജരായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരെയും കബളിപ്പിച്ച പരാതികളില്‍ മുംബൈ ചെമ്പൂര്‍ ബസന്ത്പാര്‍ക്ക് പോലീസ്‌സ്റ്റേഷനില്‍ അനിലിന് എതിരെ കേസുകളുണ്ട്.

വിദേശ രാജ്യങ്ങളില്‍ ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍ ജോലികള്‍ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒറീസ്സ സ്വദേശികളില്‍നിന്ന് 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ഇവര്‍ വാങ്ങിയത്. പണവും പാസ്‌പോര്‍ട്ടും മറ്റു രേഖകളും നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറീസ്സ സ്വദേശി ഭവിത്‌രാജ് മഹാഭദ്രായുടെ നേതൃത്വത്തില്‍ 12 പേര്‍ ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/