ബാലി ആക്രമണ സൂത്രധാരന്‍ ദുല്‍മാട്ടിന്‍ കൊല്ലപ്പെട്ടു

Posted on: 11 Mar 2010



ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജമാ ഇസ്‌ലാമിയ ഭീകര പ്രവര്‍ത്തകന്‍ ദുല്‍മാട്ടിന്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോലീസുമായുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടക്കുന്ന പ്രസിഡന്റ് സുശീലോ ബാംബാങ് യുധോയോനോ കാന്‍ബറയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മരണം സ്ഥിരീകരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കൊള്ളക്കാരില്‍ ഒരാളായ ദുല്‍മാട്ടിന്‍ ഫിലിപ്പീന്‍സിലേക്ക് കടന്നു എന്നായിരുന്നു കരുതിയിരുന്നത്.

ബാലിയിലെ രണ്ട് നിശാ ക്ലബുകളില്‍ 2002ല്‍ നടന്ന ചാവേര്‍ ബോംബാക്രമണങ്ങളില്‍ 202 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്താനില്‍ അല്‍ ഖ്വെയ്ദയുടെ പരിശീലനം നേടിയ ആളാണ് മുപ്പത്തൊമ്പതുകാരനായ ദുല്‍മാട്ടിന്‍. അല്‍-ഖ്വെയ്ദയുമായി ബന്ധമുള്ള സംഘടനയാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്ന ജെമാ ഇസ്‌ലാമിയ.

ആച്ചെ പ്രവിശ്യയില്‍ നടന്ന റെയ്ഡിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ആച്ചെയില്‍ ഭീകര പ്രവര്‍ത്തന പരിശീലനക്യാമ്പ് നടക്കുന്നുണ്ടെന്ന് കഴിഞ്ഞമാസം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിരച്ചില്‍ തുടങ്ങിയത്.

ഈ മാസം 20 മുതല്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഇന്‍ഡൊനീഷ്യയില്‍ എത്താനിരിക്കെയാണ് ദുല്‍മാട്ടിനെ വധിച്ചത്. ഇയാളെ പിടിക്കുന്നവര്‍ക്ക് യു.എസ്. ഭരണകൂടം ഒരു കോടി ഡോളര്‍ (45.38 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/