ബര്‍മയിലെ പുതിയ നിയമം സ്യൂചിയെ വിലക്കിയേക്കും

Posted on: 11 Mar 2010



യാങ്കൂണ്‍: മ്യാന്‍മറിലെ പട്ടാള ഭരണകൂടം കൊണ്ടുവന്ന പുതിയ നിയമപ്രകാരം പ്രതിപക്ഷ നേതാവ് ആങ്‌സാന്‍ സ്യൂചിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കാനും ഇടയുണ്ടെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.

ജയിലില്‍ കഴിഞ്ഞ ഒരാള്‍ക്ക് പാര്‍ട്ടിയംഗമാവാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ലെന്നാണ് ബുധനാഴ്ച അംഗീകരിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ നിയമം പറയുന്നത്. ഈ വര്‍ഷം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് സ്യൂചിയെ മാറ്റി നിര്‍ത്താനുള്ള ഭരണകൂടത്തിന്റെ തന്ത്രമായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. 1990 ല്‍ അവസാനം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) വിജയിച്ചെങ്കിലും അധികാരമേറ്റെടുക്കാന്‍ പട്ടാളഭരണകൂടം അനുവദിച്ചില്ല. സ്യൂചിയെ വീട്ടുതടങ്കലിലാക്കിയാണ് ജനവിധിയെ പട്ടാളമേധാവിത്വം നേരിട്ടത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ സ്യൂചിയുടെ വീട്ടില്‍ യു.എസ്.പൗരന്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് കഴിഞ്ഞ ആഗസ്തില്‍ മൂന്നു വര്‍ഷത്തേക്ക് കൂടി വീട്ടുതടങ്കല്‍ ദീര്‍ഘിപ്പിച്ചിരുന്നു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam


  »>   News in this Section

http://whos.amung.us/stats/readers/ufx72qy9661j/