
ന്യൂയോര്‍ക്ക്: ഫിലാഡല്‍ഫിയയില്‍ അറസ്റ്റിലായ അമേരിക്കന്‍ യുവതി കോളിന്‍ ആര്‍. ലാറോസ് എന്ന ഫാത്തിമ ലാറോസിനെതിരെ യൂറോപ്പിലും ദക്ഷിണേഷ്യയിലും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിന് കുറ്റം ചുമത്തി. 'ജിഹാദ് ജെയിന്‍' എന്ന പേരിലാണ് ഇവര്‍ ഓണ്‍ലൈന്‍ മാര്‍ഗത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്.
പെന്‍സില്‍വാനിയ സ്വദേശിയായ 'ജിഹാദ് ജെയിന്‍' ഭീകരപ്രവര്‍ത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ലോകമെമ്പാടുമുള്ള ശൃംഖലകളുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇവര്‍ അറസ്റ്റിലായത്.
ഇമെയില്‍, യൂട്യൂബ് വീഡിയോ, ഇന്റര്‍നെറ്റ് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയായിരുന്നു 'ജിഹാദ് ജെയിനി'ന്റെ പ്രവര്‍ത്തനം. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ലാര്‍സ്‌വില്‍ക്കിനെ കൊലപ്പെടുത്താനായി ഇവര്‍ സ്വിഡന്‍ സന്ദര്‍ശിച്ചിരുന്നു. അവിശ്വാസികളെ ഭയപ്പെടുത്തുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
തിരിച്ചറിയപ്പെടാതെ ലോകത്തിന്റെ ഏതു കോണിലും പോകാന്‍ തനിക്കു കഴിയുമെന്ന് 'ജിഹാദ് ജെയിന്‍' ഒരു ഇ-മെയില്‍ സന്ദേശത്തില്‍ അവകാശപ്പെട്ടു. 'വിശുദ്ധയുദ്ധത്തിന്റെ ഭാഗമായി മരണം വരിക്കുന്നതും കൊലചെയ്യുന്നതും ആനന്ദാനുഭവവും ബഹുമതിയുമാണ്. ഞാന്‍ ലക്ഷ്യത്തോടടുത്തിരിക്കുന്നു, മരണത്തിനു മാത്രമേ എന്നെ തടയാന്‍ കഴിയുകയുള്ളൂ'-സന്ദേശം പറയുന്നു.
'ജിഹാദ് ജെയിനി'ന്റെ കൂട്ടാളി ദക്ഷിണേഷ്യ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ട്ടൂണിസ്റ്റിനെ വധിക്കാന്‍ ഇയാളാണ് ഉത്തരവു നല്‍കിയത്. പ്രവാചകനെക്കുറിച്ച് പ്രകോപനപരമായ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ വധിക്കുന്നവര്‍ക്ക് അല്‍ഖ്വെയ്ദ ബന്ധമുള്ള ഭീകരസംഘടന ഒരു ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും 'ജിഹാദ് ജെയിനും' ഒരേ സ്ഥലത്തുവെച്ചാണ് അറസ്റ്റിലായത്.
ഭീകരപ്രവര്‍ത്തനത്തിനായി ജിഹാദ് ജെയിന്‍ യൂറോപ്പിലേക്കും സഞ്ചരിച്ചിരുന്നുവെന്ന് കുറ്റപത്രത്തിലുണ്ട്. സ്വീഡനില്‍ താമസിക്കാന്‍ അനുമതിയും തേടിയിരുന്നു. അമേരിക്കക്കാരെ ഭീകരസംഘടനകളിലേക്ക് റിക്കൂട്ട് ചെയ്യാനായി തീവ്രശ്രമം നടക്കുന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് യു.എസ്. അറ്റോര്‍ണി മൈക്കല്‍ലെവി പറഞ്ഞു.
അല്‍ഖ്വെയ്ദ ഉള്‍പ്പെടെയുള്ള ഭികരസംഘടനകള്‍ വിദേശത്ത് അമേരിക്കക്കാര്‍ക്ക് പരിശീലനം നല്‍കിവരുന്നതായി പാകിസ്താനിലെ യു.എസ്. അംബാസഡര്‍ ആന്‍ പാറ്റേഴ്‌സണ്‍ ഈയിടെ പറഞ്ഞിരുന്നു.
2008 ജൂണ്‍ മുതല്‍ ജിഹാദ് ജെയിന്‍ ഇന്റര്‍നെറ്റ് വഴി ഭീകര സംഘടനകളുമായി ബന്ധപ്പെട്ടുവരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവും ഒരു ലക്ഷം ഡോളര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.