പുഴയൊഴുകുംപോലെ കുഞ്ഞാടിയും
Posted on: 11 Mar 2010
റാന്തല്‍വിളക്കുമായി പുഴയിലേക്ക് നടന്നുനീങ്ങുന്ന ഒരാളില്‍നിന്നാണ് 'കൂടല്ലൂര്‍പ്പുഴയിലെ കുഞ്ഞാടി' എന്ന ഡോക്യു ഫിക്ഷന്‍ തുടങ്ങുന്നത്. അയാള്‍ കുഞ്ഞാടി തന്നെയാണ്. ഒരു സാധാരണ ഗ്രാമീണന്റെ ദൈനംദിന ജീവിതചര്യകളിലൂടെ കടന്നുപോകുന്ന ഈ ചിത്രം മനുഷ്യന്റെ പുഴയോടുള്ള ആസക്തിയും വികാരവായ്പും വ്യക്തമാക്കുന്നു.
അരവിന്ദന്‍ സ്മാരക സാംസ്‌കാരിക കലാകേന്ദ്രത്തിനു വേണ്ടി മനോജ് പന്തായില്‍ സംവിധാനം ചെയ്ത ഡോക്യു ഫിക്ഷന്‍ പാലക്കാട്ടു നടന്ന അഞ്ചാമത് സ്വരലയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.
37 കൊല്ലം മുമ്പ് മലപ്പുറം ജില്ലയിലെ പൂക്കാട്ടിരിയില്‍നിന്ന് കൂടല്ലൂരില്‍ കുടിയേറിയ കുഞ്ഞാടി എന്ന ഗ്രാമീണമനുഷ്യന്‍ പുഴയെ സ്നേഹിച്ചാണ് ഇക്കാലമത്രയും തന്റെ ജീവിതം കെട്ടിപ്പടുത്തത്. ഡോക്യു ഫിക്ഷന്‍ വരച്ചുകാട്ടുന്നത് കുഞ്ഞാടിയുടെ ദിനചര്യകളാണ്. അയാള്‍ക്ക് പോറ്റമ്മയായത് നിളാനദിയാണ്. കൂടല്ലൂരിലെ കുട്ടികളെ അരച്ചെണ്ടക്കളി പഠിപ്പിക്കാനാണ് യാദൃച്ഛികമായി കുഞ്ഞാടി കൂടല്ലൂരെത്തിയത്. അരച്ചെണ്ടക്കളി കൂടല്ലൂരിനെ വിട്ടുപോയെങ്കിലും കുഞ്ഞാടി മാത്രം ഇവിടംവിട്ടുപോയില്ല.
അരച്ചെണ്ടക്കളിയുടെ ആശാന്‍ പിന്നീട് പുഴയിലെ മത്സ്യസമ്പത്തിനെ തേടിയിറങ്ങി. വാളയും ചെമ്പല്ലിയും അയാളുടെ ചൂണ്ടക്കോലുകളില്‍ യഥേഷ്ടം കുരുങ്ങി. പുഴയുടെ തീരത്ത് പച്ചക്കറികൃഷിയും പൂരക്കാലത്ത് ഉത്സവപ്പറമ്പുകളില്‍ ചെറുകിട കച്ചവടങ്ങളും കുഞ്ഞാടിയുടെ മറ്റു വരുമാനമാര്‍ഗങ്ങളായി. ജീവിതാവശ്യങ്ങള്‍ പരിമിതമാണെങ്കിലും പുഴയുടെ നിത്യദാനം കൊണ്ട് അയാള്‍ തൃപ്തനാവുന്നുണ്ട്. മൂന്നുതവണ കല്ല്യാണം കഴിഞ്ഞ കുഞ്ഞാടിക്ക് എട്ടുമക്കളുണ്ട്. പക്ഷേ, മക്കളോടൊപ്പമല്ല കുഞ്ഞാടിയുടെ ജീവിതം.
ഭാര്യയും മക്കളും സുഹൃത്തും അയാള്‍ക്ക് പുഴ തന്നെ. പുഴ നശിക്കില്ലെന്ന ശുഭാപ്തിവിശ്വാസം കുഞ്ഞാടി തുറന്ന മനസ്സോടെ പങ്കുവെക്കുന്നുണ്ട് ഈ ചിത്രത്തില്‍.
തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശിയായ മനോജ് പന്തായിലിന്റെ ആദ്യ ഡോക്യു ഫിക്ഷനാണിത്. ആശയം വി.കെ.ശ്രീരാമന്‍േറതാണ്. ജോയ് ഗോപന്‍ നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യു ഫിക്ഷന്റെ ആഖ്യാനപാഠം കെ.എ.മോഹന്‍ദാസും ഛായാഗ്രഹണം ഷാജി കല്ലായിലും നിര്‍വഹിച്ചിരിക്കുന്നു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam