ശ്രുതിഹാസന്റെ ആദ്യ കന്നഡഗാനം റെഡി
Posted on: 11 Mar 2010
പി. യാമിനി
ബാംഗ്ലൂര്‍: നടിയും ഗായികയുമായി തിളങ്ങിയ ശ്രുതിഹാസന്റെ ആദ്യ കന്നഡ ഗാനം ഒരുങ്ങുന്നു. മലയാളിയായ ജേക്കബ് വര്‍ഗീസ് സംവിധാനം ചെയ്ത 'പൃഥ്വി' എന്ന ചിത്രത്തിലാണ് തെന്നിന്ത്യന്‍ താരം കമലഹാസന്റെ മകള്‍ കൂടിയായ ശ്രുതി പാടുന്നത്.
മണികാന്ത് കദ്രിയുടെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന 'നെനപ്പിതു നെനപ്പിതു....' എന്ന പാട്ടിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസം മുംബൈ ബ്രദേഴ്‌സ് സ്റ്റുഡിയോയില്‍ നടന്നു. രണ്ടുമണിക്കൂര്‍ കൊണ്ട് ഇവര്‍ റെക്കോഡിങ് പൂര്‍ത്തിയാക്കിയതായി ചിത്രത്തിന്റെ നിര്‍മാതാവ് ശൂരപ്പ ബാബു 'മാതൃഭൂമി'യോട് പറഞ്ഞു. മലയാളിയായ പാര്‍വതിമേനോനും പുനീത് രാജ്കുമാറും അഭിനയിക്കുന്ന ഗാനരംഗത്തിന്റെ ചിത്രീകരണം വിദേശ ലൊക്കേഷനുകളില്‍ ഈയടുത്ത കാലത്ത് പൂര്‍ത്തിയായിരുന്നു.
വര്‍ഷങ്ങളായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളി ജേക്കബ് വര്‍ഗീസിന്റെ രണ്ടാമത്തെ കന്നട ചിത്രമാണ് 'പൃഥ്വി'. 'സവാരി'യാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം.
ഗാനത്തിന്റെ റെക്കോഡിങ് ബാംഗ്ലൂരില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ശ്രുതിയുടെ തിരക്ക് നിറഞ്ഞ ഷെഡ്യൂള്‍ മൂലം മുംബൈയിലേക്ക് മാറ്റുകയായിരുന്നെന്ന് ശൂരപ്പ ബാബു പറഞ്ഞു.
പ്രശസ്ത കന്നഡ നടന്‍ രാജ്കുമാറിന്റെ പിറന്നാളിന്റെ ഭാഗമായി ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യും. നിലവില്‍ ഡബിങ് ജോലികള്‍ നടക്കുകയാണ് ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തുവാന്‍ പദ്ധതിയിടുന്നതായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam