സൂഫിസംഗീതത്തിന്റെ പൊരുള്‍ തേടി 'ദോ ദിന്‍കാ മേള'
Posted on: 11 Mar 2010
എന്‍. ശ്രീജിത്ത്
മുംബൈ: ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍വരമ്പുകള്‍ തീര്‍ത്ത് വ്യത്യസ്ത രാജ്യങ്ങളായി നിലകൊള്ളുമ്പോഴും സൂഫിസംഗീതത്തിന്റെ സാംസ്‌കാരികധാര ഇരുരാജ്യങ്ങളുടെയും ഹൃദയത്തിലുണ്ട്.
അത്തരമൊരന്വേഷണത്തിന്റെ പൂര്‍ത്തീകരണമാണ് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ അധ്യാപകരായ ഡോക്ടര്‍ കെ.പി. ജയശങ്കറും ഡോക്ടര്‍ അഞ്ജലി മോണ്ടോറിയവും ചേര്‍ന്ന് നിര്‍മിച്ച ഡോക്യുമെന്ററി 'ദോ ദിന്‍ കാ മേള'
ഗുജറാത്തിലെ കച്ച് പ്രദേശം പാകിസ്താന്റെ അതിര്‍ത്തിയാണ്. മരുഭൂമിയും ചതുപ്പും ചേര്‍ന്ന ഈ പ്രദേശമാണ് രാജ്യങ്ങളെ വിഭജിക്കുന്നത്. റാന്‍ ഓഫ് കച്ചില്‍ ജീവിക്കുന്ന മേഘ്‌വാലാസ് എന്ന ദളിത് സമൂഹത്തിലൂടെ സൂഫിസംഗീതത്തിന്റെ കൈവഴികളും അതിന്റെ സാംസ്‌കാരികധാരകളും വീണ്ടെടുക്കുകയാണ 'ദോ ദിന്‍ കാ മേള'. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിലനില്‍ക്കുന്ന സംഗീതധാര, പാകിസ്താനിലെ സിന്ധ് പ്രദേശത്തിന്റെ ഹൃദയത്തിലുമുണ്ട്. മുറലാലയിലൂടെയും മറ്റ് സംഗീത കലാകാരന്മാരിലൂടെയും സൂഫിസംഗീതസഞ്ചാരവും അവരുടെ ജീവിതവും ഈ ഡോക്യുമെന്ററിയുടെ ഭാഗമാവുകയാണ്.
ഈ വര്‍ഷം പാരീസില്‍ നടന്ന ജീന്‍ റോച്ച് അന്താരാഷ്ട്ര ചലച്ചിത്രമേള, ജര്‍മനിയില്‍ നടന്ന ജോട്ടിഗേര്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റര്‍, ഒറീസ്സയില്‍ നടന്ന ജെ.ഡി.സി.എ. ഫെസ്റ്റിവല്‍ ഓണ്‍ ആര്‍ട്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ്, തൃശ്ശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേള എന്നീ മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.കച്ച് മഹിളാ വികാസ് സംഘടനയുടെ സഹായത്തോടെ നിര്‍മിച്ച ഈ ചിത്രം കച്ചിന്റെ പ്രകൃതിയും ജീവിതവും സംഗീതവും ഇടകലര്‍ന്ന് മറ്റൊരു ദൃശ്യഭംഗി നല്‍കുന്നുണ്ട്. ഡോക്യുമെന്ററി രംഗത്ത് പ്രശസ്തരായ കെ.പി. ജയശങ്കറിന്റെയും അഞ്ജലി മോണ്ടോറിയയുടെയും ഏറ്റവും പുതിയ ഡോക്യുമെന്ററിയാണിത്.
Tags: Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam