
പെരിന്തല്‍മണ്ണ:ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി ശ്രീശാന്ത് തിളങ്ങിയ മൈതാനത്ത് ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് ശുഭാരംഭം. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനെ 120 റണ്‍സിന് എറിഞ്ഞിട്ട കേരളം ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 165 റണ്‍സെന്ന ശക്തമായ നിലയിലാണ്. 77 റണ്‍സോടെ ജഗദീഷും 86 റണ്‍സോടെ റോബര്‍ട്ട് ഫെര്‍ണാണ്ടസുമാണ് ക്രീസില്‍. ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ കേരളത്തിന് ഇപ്പോള്‍ 45 റണ്‍സിന്റെ ലീഡുണ്ട്. 10.1 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ പിഴുതെടുത്ത ശ്രീശാന്താണ് ഈ സീസണിലെ അവസാന ഹോം മത്സരത്തില്‍ കേരളത്തിന് ശുഭാരംഭം കുറിച്ചത്. സന്ദീപ് വാര്യരും ഷാഹിദും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മനു കൃഷ്ണന് ഒരു വിക്കറ്റെടുത്തു. 30 റണ്‍സെടുത്ത ശിവ് ഗൗതമാണ് ജാര്‍ഖണ്ഡിന്റെ ടോപ് സ്കോറര്‍.
ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരികയെന്ന സ്വപ്നം അത്ര ദൂരത്തല്ലെന്ന പ്രഖ്യാപനംപോലെ പന്തെറിഞ്ഞ ശ്രീശാന്തിന് മുന്നിലാണ് കേരളം പോലും പ്രതീക്ഷിക്കാത്ത രീതിയില്‍ ജാര്‍ഖണ്ഡ് ബാറ്റുവെച്ച് കീഴടങ്ങിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ ആകാശ് വര്‍മയെ ജഗദീഷിന്റെ കൈകളിലെത്തിച്ച് ശ്രീശാന്ത് ആകാശത്തേക്ക് കൈകളുയര്‍ത്തി. കൂട്ടാളി വീണിട്ടും അടിച്ചുകളിച്ച റമീസ് നേമത്തായിരുന്നു ശ്രീശാന്തിന്റെ അടുത്ത ഇര. 28 പന്തില്‍ 21 റണ്‍സെടുത്ത റമീസിനെ സന്ദീപിന്റെ കൈകളിലൊതുങ്ങി.
നാല് റണ്‍സെടുത്ത ഇഷാംഗ് ജഗ്ഗിയെ മനു കൃഷ്ണനും ഏഴ് റണ്‍സെടുത്ത ദേബ്രതയെ ശ്രീശാന്തും വീഴ്ത്തിയതിന് പിന്നാലെ കേരളം കാത്തിരുന്ന വിക്കറ്റുമായി സന്ദീപും അവതരിച്ചു. മൂന്ന് ബൗണ്ടറികളുമായി മികച്ചഫോമില്‍ തുടങ്ങിയ ഇന്ത്യന്‍ താരം സൗരഭ് തിവാരിയെ സന്ദീപ് വിക്കറ്റ് കീപ്പര്‍ അക്ഷയ് കോടോത്തിന്റെ കൈകളിലെത്തിച്ചതോടെ ജാര്‍ഖണ്ഡ് 5ന് 62 റണ്‍സെന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ച മട്ടിലായി. പിന്നീട് 30 റണ്‍സെടുത്ത ശിവ്ഗൗതമും 20 റണ്‍സെടുത്ത സണ്ണി ഗുപ്തയും ചേര്‍ന്നാണ് ജാര്‍ഖണ്ഡ് സ്കോര്‍ 100 കടത്തിയത്. വെറും 32 ഓവറില്‍ ജാര്‍ഖണ്ഡിന്റെ ഇന്നിങ്ങ്സ് എരിഞ്ഞുതീര്‍ന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ജാര്‍ഖണ്ഡും തുടങ്ങിയത്. ആദ്യ പന്തില്‍ തന്നെ അഭിഷേകിനെ വീഴ്ത്തി മികച്ച തുടക്കം നല്‍കിയെങ്കിലും ജഗദീഷിന് കൂട്ടായി റോബര്‍ട്ട് എത്തിയതോടെ കളി തീര്‍ത്തും കേരളത്തിന്റെ വരുതിയിലായി. പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജഗദീഷ്-റോബര്‍ട്ട് സഖ്യം 165 റണ്‍സെടുത്തിട്ടുണ്ട്.