ജയിച്ചാല്‍ വട്ടപ്പൂജ്യം; പിന്മാറിയാല്‍ പിഴ അമ്പതിനായിരം

Posted on: 23 Dec 2012കോഴിക്കോട്: സംസ്ഥാന ക്ലബ്ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്ക് നയാപ്പൈസ സമ്മാനം നല്‍കുന്നില്ലെങ്കിലും അച്ചടക്കം നടപ്പാക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സദാ ജാഗരൂകരാണ്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍, ടൂര്‍ണമെന്റ് പ്രഖ്യാപിച്ചശേഷം പിന്മാറിയാല്‍ അമ്പതിനായിരം രൂപയാണ് പിഴ. ക്ലബിന് സാമ്പത്തികബാധ്യതയല്ലാതെ നയാപ്പൈസ നേട്ടമില്ലാത്ത ടൂര്‍ണമെന്റില്‍ എന്തിന് പങ്കെടുക്കണമെന്ന് ഏതെങ്കിലും ക്ലബ് വിചാരിച്ചുപോയാലോ എന്നോര്‍ത്താകും ഭീമമായ ശിക്ഷ മുന്‍കൂട്ടിത്തന്നെ തീരുമാനിച്ചിരിക്കുന്നത്.
ടൂര്‍ണമെന്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് കെ.എഫ്.എ.യുടെ അനുമതിയില്ലാതെ പിന്മാറിയാല്‍ 25,000 രൂപയും ടൂര്‍ണമെന്റ് പ്രഖ്യാപിച്ചശേഷം പിന്മാറിയാല്‍ 50,000 രൂപയുമാണ് ശിക്ഷ. ടൂര്‍ണമെന്റിനിടെ എന്തെങ്കിലും പരാതിയുണ്ടെങ്കിലും 500 രൂപ കെട്ടിവെച്ചശേഷംമതി പരാതി പറയല്‍.
സംസ്ഥാന ഫുട്‌ബോള്‍ ലീഗ് കേരളത്തില്‍ ഏഴെട്ടുവര്‍ഷമായി നടന്നിട്ട്. 25,000 രൂപ സമ്മാനത്തുകയുണ്ടായിരുന്ന ആ ടൂര്‍ണമെന്റിനുപകരം ഇപ്പോള്‍ ആകെയുള്ളത് ക്ലബ് ചാമ്പ്യന്‍ഷിപ്പാണ്. അത്തരമൊരു ടൂര്‍ണമെന്റിലാണ് ജേതാക്കള്‍ക്ക് അഞ്ഞൂറോ ആയിരമോ കൊടുത്താല്‍ കിട്ടുന്ന ഒരു ട്രോഫിയില്‍ കെ.എഫ്.എ. സമ്മാനമൊതുക്കിയത്. കെ.എഫ്.എ.യുടെ മേല്‍നോട്ടത്തില്‍ ആതിഥേയരായ മലപ്പുറം ജില്ലാ അസോസിയേഷനായിരുന്നു ടൂര്‍ണമെന്റിന്റെ നടത്തിപ്പ്.

കളിക്കാര്‍ക്ക് കുമ്പിളില്‍ കഞ്ഞി


ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും 18 കളിക്കാരെയാണ് രജിസ്റ്റര്‍ ചെയ്യാനാവുക. ഇവരടക്കം 20 പേര്‍ക്ക് പ്രതിദിനം 250 രൂപയാണ് താമസത്തിനും ഭക്ഷണത്തിനുമായി നല്‍കുക. അഥവാ സംഘാടകര്‍ താമസസൗകര്യം ഏര്‍പ്പെടുത്തുകയാണെങ്കില്‍, ദിനബത്ത 200 രൂപയായി കുറയും. സംഘാടകര്‍ ഒരുക്കുന്ന താമസസൗകര്യം കാലിത്തൊഴുത്തിലാണെങ്കിലും അതംഗീകരിച്ചുകൊള്ളാന്‍ ടീമുകള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ പരാതി പറയാന്‍ പാടില്ലെന്നും കെ.എഫ്.എ.യുടെ ടൂര്‍ണമെന്റ് ചട്ടങ്ങളില്‍ പറയുന്നു.
ഒരു ഫസ്റ്റ്ക്ലാസ് ടിക്കറ്റും 20 സെക്കന്‍ഡ്ക്ലാസ് ടിക്കറ്റിനുമുള്ള തുക കണ്‍സെഷന്‍ നിരക്കില്‍ യാത്രയ്ക്കായി നല്‍കും. ട്രെയിന്‍സൗകര്യമില്ലാത്ത സ്ഥലത്താണെങ്കില്‍, അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബസ്‌കൂലിയും ലഭിക്കും.
യാത്രാവേളയിലെ ചെലവുകള്‍ക്കും കൃത്യമായ കണക്കുണ്ട്. ടൂര്‍ണമെന്റ്‌വേദിയില്‍നിന്ന് 100 കിലോമീറ്ററിലുള്ള ടീമുകള്‍ക്ക് 190 രൂപയാണ് വഴിച്ചെലവ്. 200 കിലോമീറ്റര്‍ വരെ 380, 300 കിലോമീറ്റര്‍ വരെ 475, അതിനും മുകളില്‍ 570 എന്നിങ്ങനെയാണ് വഴിച്ചെലവ്. എന്നാല്‍, ഇതൊന്നും ഒരു ടീമിനും കണക്കുപ്രകാരം ലഭിക്കാറില്ല. 200 കിലോമീറ്ററിന് മുകളിലുള്ള ടീമുകള്‍ക്ക് മത്സരത്തലേന്നും പിറ്റേന്നും 2000 രൂപവീതം നല്‍കും. കെ.എഫ്.എ.യുടെ ചട്ടപ്രകാരം, മത്സരത്തലേന്നും പിറ്റേന്നും 20 പേര്‍ക്കും അധിക ദിനബത്ത നല്‍കണം. അതായത്, കുറഞ്ഞത് 5000 രൂപ വീതമെങ്കിലും.

റഫറിമാര്‍ക്ക് കുമ്പിളിലുമില്ല


സാധാരണ ഫുട്‌ബോള്‍ മത്സരത്തില്‍ ഒരു റഫറി ശരാശരി ഒമ്പതുകിലോമീറ്റര്‍ വരെയെങ്കിലും 90 മിനിറ്റുകൊണ്ട് ഓടുമെന്നാണ് കണക്ക്. നമ്മുടെ ഫുട്‌ബോളിന്റെ നിലവാരം കണക്കിലെടുത്താലും, ആറുകിലോമീറ്ററിലേറെ വിസിലുമൂതി ഓടണം. ഇങ്ങനെ ഒരു മത്സരത്തില്‍ വിസിലൂതിയാല്‍, ഒരു റഫറിക്ക് കിട്ടുക വെറും 300 രൂപ. അതും ദേശീയ റഫറിയാണെങ്കില്‍മാത്രം. അതിനുതാഴെ ക്ലാസ് വണ്‍ റഫറിക്ക് 250 രൂപയും ക്ലാസ് ടു, ത്രീ റഫറിമാര്‍ക്ക് 200 രൂപ വീതവുമാണ് ലഭിക്കുക. ഈ തുകയില്‍ ഭക്ഷണമുള്‍പ്പെടെയുള്ള ചെലവുകള്‍ നടത്തിക്കൊള്ളണം. കെ.എഫ്.എ. നിര്‍ദേശിച്ചിട്ടില്ലെന്ന പേരില്‍, സംസ്ഥാന സീനിയര്‍ ഫുട്‌ബോളിനിടെയും ക്ലബ് ചാമ്പ്യന്‍ഷിപ്പിനിടെയും ഒരു മിനറല്‍വാട്ടര്‍പോലും കിട്ടാതിരുന്ന അനുഭവവും പല റഫറിമാര്‍ക്കുമുണ്ട്.
ഫസ്റ്റ്ക്ലാസ് ട്രെയിന്‍ യാത്രാക്കൂലിയും 'ഡീസന്റ്' താമസസൗകര്യവുമാണ് റഫറിമാര്‍ക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 200 കിലോമീറ്ററിന് അപ്പുറത്തുനിന്നെത്തുന്ന റഫറിമാരാണെങ്കില്‍, വഴിച്ചെലവിന് 100 രൂപയും കൊടുക്കും. പലപ്പോഴും ടൂര്‍ണമെന്റുകള്‍ നടക്കുന്ന വേദിയിലേക്ക് നൂറും ഇരുനൂറുമൊക്കെ ഓട്ടോറിക്ഷയ്ക്ക് കൊടുക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/