ചിരിപ്പിച്ചും ചിന്തിപ്പിച്ചും വലിയ മെത്രാപ്പോലീത്ത

Posted on: 23 Dec 2012

തലവടി: യേശുക്രിസ്തു ജനിച്ചപ്പോള്‍ ഭൂമിയുടെ മുകളിലേക്ക് ദൈവദൂതന്മാരെത്തിയപോലെ എനിക്ക് മെത്രാഭിഷേകത്തിന്റെ 60 വയസ്സായപ്പോള്‍ തലവടിയിലെത്തിയ ദൈവദൂതന്മാരെ, നിങ്ങള്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ പറയണം ഇവിടെ കേരളത്തില്‍ ഒരു വല്യപ്പനുണ്ടെന്നും രാഷ്ട്രീയക്കാരും സഭാനേതാക്കളും പറയുന്നു അദ്ദേഹം നല്ലവനാണെന്നും. അതുകൊണ്ട് അദ്ദേഹത്തെക്കൂടി സ്വര്‍ഗത്തിലെടുക്കണമെന്നും മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം തിരുമേനിയുടെ പ്രസംഗം ഇങ്ങനെ തുടങ്ങിയപ്പോള്‍ സദസ്യര്‍ ചിരിയുടെയും ചിന്തയുടെയും ലോകത്തിലേക്ക് ഇറങ്ങി.

തലവടി വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക വജ്രജൂബിലി സമ്മേളനത്തില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു വലിയ തിരുമേനി.

മറുപടി പ്രസംഗത്തിനായി ക്ഷണിച്ചപ്പോള്‍ മറുപടി പറയാന്‍ ചോദ്യം എന്താണ് എന്ന ചോദ്യവുമായാണ് പ്രസംഗം തുടങ്ങിയത്. ലോകത്തെ സ്‌നേഹിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന സമൂഹമാണ് വൈ.എം.സി.എ. എന്നും വൈ.എം.സി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണമെന്നും തിരുമേനി പറഞ്ഞു. സമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.

തലവടി വൈ.എം.സി.എ. പ്രസിഡന്റ് മാത്യു ചാക്കോ അധ്യക്ഷനായി. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മലങ്കര കത്തോലിക്ക തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് ഉപഹാരസമര്‍പ്പണം നടത്തി. സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ മാത്യു, വൈ.എം.സി.എ. തിരുവല്ല സബ്‌റീജണല്‍ ചെയര്‍മാന്‍ ജോ ഇലഞ്ഞിമൂട്ടില്‍, കെ.പി. കുഞ്ഞുമോന്‍, ജോര്‍ജ് സി. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. തോമസ് കെ. ഉമ്മന്‍ ക്രിസ്മസ് സന്ദേശം നല്‍കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/