കാമഭ്രാന്ത് കയറിയ കേരളം

Posted on: 23 Dec 2012കേരളം വീണ്ടും ഒരു നവോത്ഥാന പോരാട്ടത്തിന് തയ്യാറാകേണ്ട സമയമായി. ജാതിവ്യത്യാസങ്ങളും ഉച്ചനീചത്വങ്ങളും അന്ധവിശ്വാസങ്ങളും കേരളത്തിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. വിവേകാനന്ദസ്വാമിയെക്കൊണ്ട് കേരളത്തെ ഭ്രാന്താലയമെന്ന് വിളിപ്പിച്ചതിനും ഇതായിരുന്നു കാരണം. 1891-ല്‍ ബാംഗ്ലൂരില്‍വെച്ച് ഡോ. പല്‍പ്പുവിനെക്കണ്ട സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ദുഃസ്ഥിതിയെക്കുറിച്ച് ചര്‍ച്ചചെയ്യുകയും അതിന് പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും മന്നത്ത് പത്മനാഭനും കുമാരനാശാനും മറ്റ് ഒട്ടനവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളും അക്ഷീണവും നിരന്തരവുമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കി കേരളത്തെ ഒരു തീര്‍ഥാലയമാക്കി.
വര്‍ത്തമാനകേരളത്തില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കാമഭ്രാന്തന്മാരുടെ നാടായി നമ്മുടെ കൊച്ചുകേരളം മാറിയിരിക്കുന്നെന്ന് കാണിക്കുന്നു. മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള ലൈംഗികപീഡനങ്ങളാണ് നാം അറിയുന്നത്. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും കാമഭ്രാന്തിനുമുമ്പില്‍ തകര്‍ന്നടിയുന്നു. സ്വന്തം മകളെ കാഴ്ചവെക്കുന്ന മാതാപിതാക്കള്‍, ക്ലാസിലെ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന അധ്യാപകര്‍, സഹോദരിയെ വിറ്റ് കാശാക്കുന്ന സഹോദരന്‍, പേരമകളെ പീഡിപ്പിക്കുന്ന മുത്തച്ഛന്‍, പെണ്‍കുട്ടികളെ വശീകരിച്ച് വില്‍പ്പന നടത്തുന്ന സ്ത്രീകള്‍... ഇത്തരത്തിലുള്ള പീഡനങ്ങളുടെ അടിവേരുതേടി ചെല്ലുമ്പോള്‍ എത്തിനില്‍ക്കുന്നത് രാഷ്ട്രീയനേതാക്കളിലും ഉന്നത ഉദ്യോഗസ്ഥരിലും. നമ്മുടെ കേരളത്തില്‍ വളരുന്ന ഈ അധാര്‍മിക പ്രവര്‍ത്തനത്തിനെതിരെ ആരാണ് പ്രതികരിക്കുക, പ്രവര്‍ത്തിക്കുക?
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അദ്ദേഹം നമുക്കുതന്ന ഒരു മഹദ്വചനം സ്വീകരിച്ച് ഈ സാംസ്‌കാരിക അധഃപതനത്തില്‍നിന്ന് നമുക്ക് കേരളത്തെ മോചിപ്പിക്കാമോ?
- പി.ടി. ശശി, വെണ്ണക്കോട്, നീലേശ്വരം


എം.പി.ഫണ്ടിന് സഹകരണ സ്ഥാപനങ്ങളെയും പരിഗണിക്കണം


എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും നല്‍കാവുന്ന തുക ഒരു കോടി രൂപയായി വര്‍ധിപ്പിച്ചതായി വാര്‍ത്തകണ്ടു. (മാതൃഭൂമി ഡിസം.-17), ഫണ്ട് വിനിയോഗത്തില്‍ എം.പി.മാര്‍ക്കുള്ള സ്വാതന്ത്ര്യം അംഗീകരിച്ചുകൊണ്ടാണ് മാര്‍ഗരേഖയില്‍ ഇത്തരമൊരു മാറ്റമുണ്ടായതെന്നറിയുന്നു. ട്രസ്റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കുമെന്നതുപോലെ സഹകരണസ്ഥാപനങ്ങള്‍ക്കും ആസ്തികള്‍ സൃഷ്ടിക്കുന്നതിനായി ഫണ്ടുനല്‍കുന്നകാര്യം പരിഗണിക്കേണ്ടതാണ്. ഇത്തരമൊരു നടപടിയിലൂടെ ഏറ്റവുമധികം പ്രയോജനംലഭിക്കുക ദുര്‍ബലവിഭാഗങ്ങള്‍ക്കായിരിക്കും. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്കായി എം.പി. ഫണ്ടിന്റെ 22.5 ശതമാനം തുക ചെലവഴിക്കാന്‍ പദ്ധതിയുടെ മാര്‍ഗരേഖയില്‍ വ്യവസ്ഥയുണ്ട്. പ്രബലസമുദായങ്ങള്‍ക്കുള്ളതുപോലെ സ്ഥാപനങ്ങളോ ട്രസ്റ്റുകളോ സൊസൈറ്റികളോ പട്ടികജാതി-വര്‍ഗക്കാരുടെ നിയന്ത്രണത്തിലില്ല. ഫലത്തില്‍ എം.പി. ഫണ്ടിന്റെ 20 ശതമാനം പ്രബലവിഭാഗങ്ങളുടെ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ലഭിക്കുമ്പോള്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്കുവേണ്ടി നീക്കിവെക്കുന്ന 22.5 ശതമാനം തുക ആ വിഭാഗങ്ങളുടെ ജീവിതാവസ്ഥയില്‍ കാര്യമായ സ്വാധീനം ചെലുത്താത്ത വിധത്തില്‍ ചെലവഴിക്കപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പ്രൗഢമായ ആമുഖം എല്ലാവിഭാഗം ജനങ്ങള്‍ക്കും സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പുനല്‍കുമെന്ന് പ്രഖ്യാപിക്കുന്നു. മൗലികാവകാശങ്ങളും നിര്‍ദേശകതത്ത്വങ്ങളും ഈ പ്രഖ്യാപനം അടിവരയിടുന്നു. ഭരണഘടന വിഭാവനംചെയ്യുന്ന സാമൂഹിക സാമ്പത്തിക നീതി നിര്‍ധനരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ദുര്‍ബലരുടെയും ജീവിതം അര്‍ഥപൂര്‍ണമാക്കാനുള്ളതാണെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം നിയമനിര്‍മാണ-ഭരണനിര്‍വഹണ-നീതിന്യായ വിഭാഗങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. തകര്‍ച്ചയെ നേരിടുന്ന പട്ടികജാതി-വര്‍ഗ സഹകരണ സംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഏതൊരു ശ്രമവും തീര്‍ച്ചയായും അത്തരത്തിലുള്ള ചുവടുവെപ്പായിത്തീരും.
- കെ.ജെ. മൈക്കിള്‍, കോഴിക്കോട്


നഗ്‌നയോട്ടവും പോലീസ്‌കേസും


നഗ്‌നയോട്ടം നടത്തിയ ലോ കോളേജ് വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തതായും 36 വര്‍ഷംമുമ്പ് എറണാകുളം ലോ കോളേജിലെ നാല് വിദ്യാര്‍ഥികള്‍ ബ്രോഡ്‌വേയിലൂടെ നഗ്‌നയോട്ടം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കണ്ടു. (മാതൃഭൂമി, ഡിസം.-19).
അമര്‍ഷം പ്രകടിപ്പിക്കാനും പ്രതിഷേധമറിയിക്കാനും ഒരുപാധിയായി നഗ്‌നമായി മാര്‍ച്ചുചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഗോവധ നിരോധനം വേണമെന്നാവശ്യപ്പെട്ട് അറുപതുകളില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടന്നത് നഗ്‌നസന്ന്യാസിമാരെ മുന്നില്‍നിര്‍ത്തിയാണ്. ജൈന ദിഗംബരന്മാര്‍ക്കുപുറമേ മാര്‍ച്ചില്‍ പങ്കെടുത്ത പലരും നഗ്‌നരായിരുന്നു. പോലീസ് അതിക്രമത്തിനെതിരെ മണിപ്പുരില്‍ നിരവധി സ്ത്രീകള്‍ പൂര്‍ണനഗ്‌നരായി പോലീസ്‌സ്റ്റേഷനിലേക്ക് മാര്‍ച്ചുചെയ്തത് കുറച്ചു മുമ്പാണ്. സദാചാരനിയമങ്ങളെ വെല്ലുവിളിക്കാന്‍ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ ബ്രാ ഊരിയെറിഞ്ഞ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ഭരണകൂടവും സംഘടിതമതങ്ങളും നഗ്‌നതയെ ഭയപ്പെടുകയും നിയമലംഘനമായി കാണുകയും ചെയ്യുക സ്വാഭാവികമാണ്. ഇതൊരു ക്രിമിനല്‍ കുറ്റമാകുന്നത് പില്‍ക്കാലത്താണ്.
-പ്രൊഫ. ടി.പി. സുധാകരന്‍, തൃശ്ശൂര്‍


സാഹിബ് അഭിമതനാവുമ്പോള്‍


മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് നവംബര്‍ 23-നും ഡിസംബര്‍ 14-നും അബ്ദുസ്സമദ് സമദാനി 'മാതൃഭൂമി'യില്‍ എഴുതിയ ലേഖനങ്ങള്‍ വായിച്ചപ്പോള്‍ ആശ്ചര്യപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിംലീഗ്‌രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്ന സമദാനിക്ക് അബ്ദുറഹിമാന്‍ സാഹിബ് എന്നുമുതല്‍ക്കാണ് അഭിമതനായതെന്ന ആലോചനയാണ് ആ ആശ്ചര്യത്തിന് നിദാനം.
സമദാനിയുടെ ലേഖനത്തില്‍ അദ്ദേഹം ആരോപിക്കുന്ന പ്രധാനകാര്യം 'മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പാരമ്പര്യം കമ്യൂണിസ്റ്റ്പാര്‍ട്ടിക്കുമാത്രം അവകാശപ്പെട്ടതാണെന്ന ഒരഭിപ്രായം ഈയിടെ ഉയര്‍ന്നുവന്നെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവകാശപ്പെട്ടത് എന്നായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു' എന്നുമാണ്. കമ്യൂണിസ്റ്റ്പാര്‍ട്ടിയോട് സാഹിബ് പുലര്‍ത്തിയ നിലപാട് അഭിപ്രായവ്യത്യാസത്തിന്റേതായിരുന്നു എന്നും അദ്ദേഹം എഴുതുന്നു. സാഹിബിനെ ലീഗും കമ്യൂണിസ്റ്റുപാര്‍ട്ടിയുംകൂടി പങ്കിട്ടെടുക്കാനുള്ള പുതിയ നീക്കത്തിന്റെ നാന്ദിയായിവേണം ഇരുവരുടെയും ലേഖനങ്ങളെ കാണാന്‍.
മാതൃഭൂമിപ്രസ്സില്‍ അച്ചടിച്ച് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍കമ്മിറ്റി പ്രസിദ്ധീകരിച്ച സാഹിബിന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ കാണാം: 'സംഘര്‍ഷ ജനകമായ ഒരന്തരീക്ഷത്തിലാണ് കോഴിക്കോട് മാങ്കാവില്‍ ഒരു പൊതുയോഗം ചേര്‍ന്നത്, 1945 ഒക്ടോബര്‍ 22-ന്. പൊതുയോഗം നടത്തുകയില്ലെന്ന് ഒരുവിഭാഗം മുസ്‌ലിങ്ങള്‍ വാശിപിടിച്ചു. യോഗത്തില്‍ പങ്കെടുത്താല്‍ അബ്ദുറഹിമാന്റെ തലയെടുക്കുമെന്ന് ചില പ്രമാണികള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
മാങ്കാവിലും പരിസരപ്രദേശങ്ങളിലും കറുപ്പ് കൊടികള്‍ പൊങ്ങി. ''അബ്ദുറഹിമാന്‍ ഗോ ബാക്ക്, സമുദായ ദ്രോഹി ഗോ ബാക്ക് തുടങ്ങിയ പ്ലക്കാര്‍ഡുള്‍ നിരന്നു. അബ്ദുറഹിമാന്റെ തലയെടുക്കുമെന്ന് ചില പരസ്യപ്പലകകളും പ്രദര്‍ശിപ്പിച്ചിരുന്നു. യോഗം നടത്തുകത്തന്നെചെയ്യുമെന്ന് കോണ്‍ഗ്രസ്സുകാര്‍. യോഗം നടത്തിക്കില്ലെന്ന് ലീഗുകാര്‍. ഇരുഭാഗത്തും മൂത്തവാശി. ഇരുകൂട്ടരും ബലപരീക്ഷണത്തിന് തയ്യാറായി. രണ്ട് ലോറിനിറയെ ആയുധധാരികളായ പോലീസുകാര്‍.'' എസ്.കെ. പൊറ്റെക്കാട്ട്, പി.പി. ഉമ്മര്‍ക്കോയ, എന്‍.പി. മുഹമ്മദ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരാണ് സാഹിബിന്റെ ജീവചരിത്രമെഴുതി പ്രസിദ്ധീകരിച്ചത്. ലീഗിന്റെ കണ്ണിലെ കരടായിരുന്നു സാഹിബ് എന്നതിന് വേണ്ടത്ര തെളിവുകള്‍ ജീവചരിത്രത്തിലുടനീളം കാണാന്‍കഴിയും. സാഹിബ് ജീവിച്ചിരിക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരുപറ്റമാളുകള്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിരുന്നു. ലീഗിന് ആ കളങ്കം എളുപ്പത്തില്‍ കഴുകിക്കളയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
-ലത്തീഫ് പറമ്പില്‍, കോഴിക്കോട്


സ്ഥലനാമബോര്‍ഡുകള്‍ മറയ്ക്കുന്ന പരസ്യങ്ങള്‍ വേണ്ട


ദേശീയപാതകളുടെ ഇരുവശത്തും ജങ്ഷനുകളിലും സ്ഥലനാമ ചൂണ്ടുപലകകളുണ്ട്. എന്നാല്‍, പരസ്യബോര്‍ഡുകളാലും രാഷ്ട്രീയ ബോര്‍ഡുകളാലും പല ചൂണ്ടുപലകകളും മറയ്ക്കപ്പെടുകയോ മാഞ്ഞുപോകുകയോ ആണ്. വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ പ്രയോജനകരമായ ഇത്തരം ചൂണ്ടുപലകകള്‍ മറച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ബാനറുകള്‍ കെട്ടുന്നതും നിരോധിക്കണം.
- അബ്ദുള്‍ മാലിക്, മുടിക്കല്‍


ഇ. അഹമ്മദിന്റെ പ്രസ്താവന


ഒരു മുസ്‌ലിമിനെയും അന്യായമായി ജയിലിലിടാന്‍ അനുവദിക്കില്ലെന്ന ഇ. അഹമ്മദിന്റെ പ്രസ്താവനയില്‍ വര്‍ഗീയതയുണ്ട്. സ്വന്തം സമുദായത്തിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവുംമാത്രം ലക്ഷ്യം വെക്കുന്നത് ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല.
-പി. ഉണ്ണികൃഷ്ണന്‍നായര്‍, ചമ്രവട്ടം

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/