കേന്ദ്രസഹായം പാഴാക്കരുത്‌

Posted on: 23 Dec 2012കേന്ദ്രപദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന പരാതി വ്യാപകമാണ്. പദ്ധതി നിര്‍വഹണസംവിധാനം വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് സംസ്ഥാനതലത്തില്‍ത്തന്നെ നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. കേന്ദ്രതലത്തിലും സമാന അഭിപ്രായം ഉയര്‍ന്നിരുന്നു. ആദിവാസി, ഗോത്രവര്‍ഗവികസനത്തിന് മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്രം അനുവദിച്ച തുകയുടെ പത്തിലൊന്നു മാത്രമാണ് സംസ്ഥാനം വിനിയോഗിച്ചതെന്നുള്ള റിപ്പോര്‍ട്ട് ഈ പരാതിക്ക് അടിവരയിടുന്നതാണ്. പിന്നാക്കവിഭാഗ വികസനത്തിന് അനുവദിച്ച കേന്ദ്രഫണ്ടിന്റെ അഞ്ചിലൊന്നുമാത്രമേ സംസ്ഥാനം പ്രയോജനപ്പെടുത്തിയുള്ളൂ എന്ന വിവരവും നേരത്തേ വിവരാവകാശനിയമപ്രകാരം പുറത്തുവന്നിരുന്നു. പരാതികളുടെയും ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ മേലില്‍ കേന്ദ്രവിഹിതം പരമാവധി ജനോപകാരപ്രദമായ വിധം വിനിയോഗിക്കാന്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ കൂട്ടായശ്രമം നടത്തണം. ഇവിടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്രശ്‌നം ഫണ്ടിന്റെ അപര്യാപ്തതയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് തെല്ലും പാഴാക്കാതെ വിനിയോഗിക്കണം. സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന കടബാധ്യതയും പെന്‍ഷന്‍ ഇനത്തിലും മറ്റും കൂടിവരുന്ന ചെലവുമാണ് പ്രത്യുത്പാദനകരമായ പദ്ധതികള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ട് കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേന്ദ്രഫണ്ടിന്റെ ഫലപ്രദമായ വിനിയോഗമാണ് ഈ പ്രതിസസന്ധിഘട്ടത്തില്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗം. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. കേന്ദ്രനിബന്ധനകള്‍ക്കിണങ്ങുന്നതും സംസ്ഥാനത്തിന് ആവശ്യമുള്ളതുമായ വികസനപദ്ധതികള്‍ തയ്യാറാക്കാനാവുന്നില്ലെന്നതാണ് ഫണ്ട് വിനിയോഗം കുറയാന്‍ പ്രധാന കാരണം. ആദ്യഗഡുവായി അനുവദിച്ച തുകയുടെ ഓഡിറ്റ് ചെയ്ത വരവുചെലവുകണക്കുകള്‍ നല്‍കുന്നതില്‍ വരുന്ന വീഴ്ചയാണ് മറ്റൊന്ന്. വ്യക്തമായ പദ്ധതിയും സുതാര്യമായ പദ്ധതി നിര്‍വഹണവും കൃത്യമായ കണക്ക് സൂക്ഷിക്കലും ഏതുതരം ഫണ്ടിന്റെ വിനിയോഗത്തിലായാലും ഒഴിച്ചുകൂടാനാവാത്തതാണ്. അതിനാല്‍ അക്കാര്യങ്ങളിലെ വീഴ്ച അംഗീകരിക്കാനാവില്ലെന്നതില്‍ സംശയമില്ല. ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് സംസ്ഥാനത്തിന് യോജിച്ച പദ്ധതി തയ്യാറാക്കുന്നതിലാണ്. ആ ഘട്ടത്തില്‍ തികഞ്ഞ ശ്രദ്ധയും പഠനവും ആസൂത്രണവും ആവശ്യമാണ്. ആരോഗ്യം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ, ഭവനനിര്‍മാണം തുടങ്ങി വിവിധമേഖലകളിലായി പതിനഞ്ചിലേറെ കേന്ദ്ര പദ്ധതികളുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങി പല രംഗങ്ങളിലും സംസ്ഥാനം ദേശീയ നിലവാരത്തേക്കാള്‍ ഏറേ മുന്നോട്ടുപോയിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ കേന്ദ്രം മുന്നോട്ടുവെക്കുന്ന പദ്ധതിപ്രകാരമുള്ളതാവില്ല സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍. വിവിധ രംഗങ്ങളില്‍ ഇതിനകം ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും കൂടുതല്‍ മുന്നോട്ടുപോകാനുമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇക്കാര്യത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കേന്ദ്രസഹായം ലഭ്യമാക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടണം.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കിയും അതിനനുസൃതമായ പദ്ധതികള്‍ തയ്യാറാക്കിയുമാണ് കേന്ദ്രത്തെ സമീപിക്കേണ്ടത്. ആദിവാസി, പിന്നാക്ക മേഖലകളിലെ വിദ്യാഭ്യാസസൗകര്യം വര്‍ധിപ്പിക്കല്‍, നിലവിലുള്ള സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യം ഉറപ്പാക്കല്‍, അഭ്യസ്തവിദ്യരായ യുവാക്കളെ ജോലിക്ക് പ്രാപ്തരാക്കാനുള്ള പദ്ധതികള്‍ തുടങ്ങി പല മേഖലകളിലും ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഭക്ഷ്യസുരക്ഷ, കുടിവെള്ള പദ്ധതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, പാരമ്പര്യേതര ഊര്‍ജ ഉത്പാദനം എന്നിങ്ങനെ എണ്ണമറ്റ ആവശ്യങ്ങള്‍ സംസ്ഥാനത്തിനുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കനുയോജ്യമായ പദ്ധതികള്‍ തയ്യാറാക്കി അനുമതി നേടാനുള്ള ശ്രമം ഊര്‍ജിതമാക്കണം. അതോടൊപ്പം പദ്ധതിനിര്‍വഹണസമ്പ്രദായം കുറ്റമറ്റതാക്കുകയും വേണം.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/