പ്രതിഷേധത്തീയില്‍

Posted on: 23 Dec 2012


ഷൈന്‍ മോഹന്‍ബസ്സിലെ കൂട്ടബലാത്സംഗം: ഡല്‍ഹി മുമ്പ് കാണാത്ത പ്രക്ഷോഭംസംഘടനയും നേതാക്കളും ആഹ്വാനവുമില്ലാതെ യുവനിര സമരവേദിയിലേക്കൊഴുകി
സുരക്ഷാപ്രാധാന്യമുള്ള റെയ്‌സിന കുന്ന് പ്രകമ്പനം കൊണ്ടു
പോലീസ് ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്ക്
അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷന്‍


ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നീതിയാവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ യുവജനങ്ങള്‍ നടത്തിയ പ്രതിഷേധത്തെ തളര്‍ത്താന്‍ പോലീസിന്റെ ജലപീരങ്കികള്‍ക്കായില്ല. ഇന്ത്യാ ഗേറ്റില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്കു നീങ്ങിയ യുവാക്കളുടെ സമരം പലതവണ സംഘര്‍ഷഭരിതമായി. രാവിലെ മുതല്‍ ഒഴുകിയ ആയിരങ്ങളെ പിരിച്ചുവിടാന്‍ പോലീസ് വൈകിട്ട് ശക്തമായ ലാത്തിച്ചാര്‍ജ് നടത്തി.

രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്ന റെയ്‌സിനകുന്നായിരുന്നു സമര കേന്ദ്രം. സമീപ ചരിത്രത്തിലെങ്ങും ഇവിടം സമരവേദിയായിട്ടില്ല. യുവതിയെ കൂട്ടബലാത്സംഗം ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പ്രതീകാത്മകമായി കുറ്റവാളികളുടെ കോലം തൂക്കിലേറ്റി.

സമരക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ ഭരണസിരാകേന്ദ്രമായ വിജയ്ചൗക്കും പരിസരവും യുദ്ധക്കളമായി. ഉച്ചയ്ക്ക് മുമ്പും വൈകിട്ടുമായി ലാത്തിച്ചാര്‍ജും നടന്നു. എഴുപതോളംപേര്‍ക്ക് പരിക്കേറ്റു. പൂച്ചട്ടികളും മറ്റും തകര്‍ത്ത ആറ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു.

റിപ്പബ്ലിക്ക്ദിന പരേഡ് നടക്കുന്ന, ഇന്ത്യാ ഗേറ്റു മുതല്‍ രാഷ്ട്രപതിഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ തിങ്ങിനിറഞ്ഞു. രോഷാകുലരായി ഉറക്കെ മുദ്രാവാക്യം വിളിച്ച് രാഷ്ട്രപതി ഭവനു നേരെ നീങ്ങിയ അവര്‍ പലതവണ പോലീസിന്റെ വേലി തകര്‍ക്കാന്‍ ശ്രമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ഡല്‍ഹി പോലീസിനും കേന്ദ്ര സര്‍ക്കാറിനുമെതിരെയായിരുന്നു മുദ്രാവാക്യങ്ങളേറെയും. പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധ, വിദേശ മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ലോക്കിനും ധന, ആഭ്യന്തര മന്ത്രാലയങ്ങളടങ്ങുന്ന നോര്‍ത്ത് ബ്ലോക്കിനും സമീപത്താണ് സമരക്കാരെ പോലീസ് തടഞ്ഞത്.

ഡല്‍ഹി മുമ്പ് കണ്ടിട്ടില്ലാത്ത വിധമുള്ള റാലികളാണ് ശനിയാഴ്ച നടന്നത്. രാവിലെ ഒമ്പതോടെ ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധക്കാര്‍ ആദ്യമെത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സമരം രാഷ്ട്രപതിഭവനു നേരെ നീങ്ങി. പലയിടത്തു നിന്നായി പൊട്ടിപ്പുറപ്പെട്ടുവന്ന് രാജ്പഥിലൂടെ രാഷ്ട്രപതിഭവനിലേക്കു നീങ്ങിയവരില്‍ പകുതിയിലേറെയും പെണ്‍കുട്ടികളായിരുന്നു. മുഖ്യധാരാ പാര്‍ട്ടികളുടെ ആഹ്വാനമോ നേതൃത്വമോ ഇല്ലാതെ തെരുവിലിറങ്ങിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ പോലീസും ദ്രുതകര്‍മ സേനയും പാടുപെട്ടു. സമരക്കാരെ എങ്ങനെ നേരിടണമെന്നറിയാതെ പോലീസ് പലപ്പോഴും പകച്ചുനിന്നു.

സമരം ചെയ്യുന്ന വിദ്യാര്‍ഥിനികള്‍ പോലീസുകാരെ നാണയത്തുട്ടുകളും വളകളും കൊണ്ടെറിഞ്ഞു. പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ വിദ്യാര്‍ഥികള്‍ കൈകൊണ്ട് തല്ലിപ്പൊട്ടിച്ചു. ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ക്കരുതെന്നും ശാന്തരാവണമെന്നും ഉച്ചഭാഷിണിയിലൂടെ പോലീസ് അഭ്യര്‍ഥിച്ചുകൊണ്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍.സിങ്ങും സമരക്കാരോട് ശാന്തരാവാന്‍ ആവശ്യപ്പെട്ടു. പക്ഷേ, പ്രത്യേക നേതൃത്വമില്ലാതെ സംഘടിതരായെത്തിയ പ്രതിഷേധക്കാരെ തണുപ്പിക്കാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്നറിയാത അധികൃതര്‍ കുഴങ്ങി.

ജനലോക്പാലിനു വേണ്ടി സമരം നടത്തിയ അണ്ണ ഹസാരെയെ ജയിലിലടച്ചപ്പോഴാണ് അടുത്തകാലത്ത് ഡല്‍ഹി ഇത്രയും വലിയ സമരത്തിന് സാക്ഷ്യംവഹിച്ചത്. എന്നാല്‍ ജന്ദര്‍മന്തറും പാര്‍ലമെന്റ് സ്ട്രീറ്റും കടന്ന് അപ്പുറം നീങ്ങാന്‍ ആ സമരത്തിനും കഴിഞ്ഞിരുന്നില്ല. കരസേനാ മുന്‍ മേധാവി ജനറല്‍ വി.കെ.സിങ്ങും പ്രതിഷേധക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്നു. എം.പി.മാരായ വൃന്ദാ കാരാട്ട്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങിയവരും പ്രതിഷേധസ്ഥലത്തെത്തി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയും രാഷ്ട്രപതി ഭവനു നേരെ മാര്‍ച്ച് നടന്നിരുന്നു. യുവാക്കളുടെ പ്രതിഷേധം അണപൊട്ടിയപ്പോള്‍ സര്‍ക്കാറും രാഷ്ട്രീയനേതൃത്വങ്ങളും ശനിയാഴ്ച അല്പനേരമെങ്കിലും ഒളിവില്‍പോയി. രാജ്യത്തെ മറ്റ് പ്രധാനനഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയിരുന്നു.

വൈകുന്നേരം ആഭ്യന്തരമന്ത്രി സുശില്‍കുമാര്‍ ഷിന്‍ഡെയെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിപ്പിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി,പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ്ഭാഗങ്ങളിലും ആളിപ്പടരുന്ന പ്രതിഷേധം പൊടുന്നനെ തണുപ്പിക്കാന്‍ എന്തുചെയ്യാനാവുമെന്നായിആലോചന. മന്ത്രി ഷിന്‍ഡെ, ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി,പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് എന്നിവരുമായി കൂടിയാലോചന നടത്തി. ഇതിനൊടുവിലാണ് ഷിന്‍ഡെ രാത്രി പത്രസമ്മേളനം വിളിച്ചത്.


യുവതി മൊഴി നല്‍കി; നില മെച്ചപ്പെടുന്നു


ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ഥിനി ശനിയാഴ്ച മൊഴി നല്‍കി. സഫ്ദര്‍ജങ് ആസ്​പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതി ഭയമൊന്നും കൂടാതെയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഛായ ശര്‍മ പറഞ്ഞു.

യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ ശനിയാഴ്ച അറിയിച്ചു. കഴിഞ്ഞദിവസത്തേക്കാള്‍ നന്നായി ആശയവിനിമയം നടത്തുന്നുണ്ട്. മാനസികനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസവും പ്രകടിപ്പിക്കുന്നുണ്ട്. വെള്ളവും ആപ്പിള്‍ ജ്യൂസും കുറേശ്ശെയായി കുടിക്കുന്നുണ്ട്. പക്ഷേ, അണുബാധ പടരുന്നുണ്ട്. ശ്വേതരക്താണുക്കളുടെ തോത് മെച്ചപ്പെട്ടുവെന്നും സഫ്ദര്‍ജങ് ആസ്​പത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബി.ഡി. അഥാനി അറിയിച്ചു.

യുവതിയുടെ മാനസികനില ശനിയാഴ്ച ഡോക്ടര്‍മാര്‍ പരിശോധിച്ചു. ചോദ്യങ്ങളോടെല്ലാം അവര്‍ കൃത്യമായി പ്രതികരിച്ചു. ബസ്സില്‍ മര്‍ദനമേറ്റ യുവതിയുടെ സുഹൃത്തായ യുവാവ് നല്‍കിയ മൊഴിയും യുവതിയുടേതും ഒത്തുപോകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അച്ഛനമ്മമാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുവതി നല്‍കിയ മൊഴി കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ വളരെ നിര്‍ണായകമാണെന്നും ഡി.സി.പി. പറഞ്ഞു.


'അത്യപൂര്‍വം' ബലാത്സംഗക്കേസില്‍ വധശിക്ഷ പരിഗണിക്കും


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഭവിച്ചതുപോലെ അതിക്രൂരവും പൈശാചികവുമായ ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ നടപടിച്ചട്ടങ്ങളില്‍ മാറ്റംവരുത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത്തരത്തിലുള്ള ബലാത്സംഗങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു. നിയമമന്ത്രാലയവുമായി ഇക്കാര്യം കൂടിയാലോചിക്കും. ക്രിമിനല്‍ നിയമഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണുള്ളത്.

ബസ്സിലെ ബലാത്സംഗ കേസിലുണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് ഷിന്‍ഡെ പറഞ്ഞു. അഞ്ചു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ വനിതകള്‍ക്ക് സുരക്ഷ ശക്തമാക്കും. വിഷയം ചര്‍ച്ചചെയ്യാനും ക്രിമിനല്‍ നിയമഭേദഗതി പാസാക്കാനും പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കണമെന്ന ആവശ്യം ആഭ്യന്തരമന്ത്രി തള്ളി. സമ്മേളനം അവസാനിച്ചത് ഇക്കഴിഞ്ഞ ദിവസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രക്ഷോഭം പിന്‍വലിക്കാനും സംയമനം പാലിക്കാനും ഷിന്‍ഡെ അഭ്യര്‍ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചേക്കുമെന്ന് സൂചനയുണ്ട്.Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/