ഷോപ്പിങ് വിസ്മയമായി ആഗോള ഗ്രാമം തുറന്നു

Posted on: 23 Dec 2012കൊച്ചി: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി 'ആഗോള ഗ്രാമം' ബോള്‍ഗാട്ടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദിഷ്ട ലുലു കണ്‍വെന്‍ഷന്‍ സെന്ററിന്റെ 24 ഏക്കറില്‍ പരന്നുകിടക്കുന്ന ആഗോള ഗ്രാമത്തില്‍ നാനൂറിലേറെ സ്റ്റാളുകളാണുള്ളത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ മാതൃകയിലുള്ള ഷോപ്പിങ് മേള ജനവരി ഒമ്പത് വരെ ഉണ്ടാകും.

കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ നിര്‍ണായക കാല്‍വെപ്പാണ് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ കാത്തിരിക്കുന്ന ഫെസ്റ്റിവലായി ഇത് മാറുകയാണ്. ഉല്പാദന, വ്യാപാര, ടൂറിസം രംഗങ്ങളിലെ കേരളത്തിന്റെ തനതായ പ്രത്യേകതകള്‍ പ്രയോജനപ്പെടുത്താന്‍ ഫെസ്റ്റിവല്‍ വഴി കഴിയും. കഴിഞ്ഞകാലങ്ങളില്‍ നമുക്ക് ധാരാളം നഷ്ടങ്ങളുണ്ടായി. ആ നഷ്ടങ്ങള്‍ താങ്ങാന്‍ ഇനി സംസ്ഥാനത്തിന് കഴിയില്ല. അത് നികത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കേരളം വളരുകയാണ് -മുഖ്യമന്ത്രി പറഞ്ഞു.

പൊതു സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണയോടെ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോട് അടുക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് മുഖ്യാതിഥിയായിരുന്നു. എകൈ്‌സസ് മന്ത്രി കെ. ബാബു രാജ്യാന്തര പവലിയനും പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ദേശീയ പവലിയനും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് കേരള പവലിയനും ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വില്ലേജ് ഉദ്ഘാടന സമിതി ചെയര്‍മാന്‍ എസ്. ശര്‍മ എം.എല്‍.എ. ബ്രാന്‍ഡ് പവലിയന്റെയും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി കായലോര പവലിയനുകളുടെയും ഹൈബി ഈഡന്‍ എം.എല്‍.എ. ഫുഡ് പവലിയന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.

കൊച്ചി മേയര്‍ ടോണി ചമ്മണി അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് പദ്ധതി വിശദീകരിച്ചു. എം.പി. മാരായ കെ.പി. ധനപാലന്‍, ഡോ. ചാള്‍സ് ഡയസ്, എം.എല്‍.എ. മാരായ ഡോമിനിക് പ്രസന്‍േറഷന്‍, അഡ്വ. ജോസ് തെറ്റയില്‍, ബെന്നി ബെഹനാന്‍, അന്‍വര്‍ സാദത്ത്, ലൂഡി ലൂയിസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ദിനകരന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാഗി ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗ്ലാഡ്വിന്‍ ഫെര്‍ണാണ്ടസ്, കേരള ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മര്‍സൂക്ക്, കേരള മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് വെങ്കിടേശ പൈ, കെ.ടി.എം. സൊസൈറ്റി പ്രസിഡന്റ് റിയാസ് അഹമ്മദ്, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് മോഹന്‍, ഡാള്‍ഡ ബിസിനസ് ഹെഡ് ദിനേശ് അഗര്‍വാള്‍, കാര്‍ണിവല്‍ ഗ്രൂപ്പ് സി.ഇ.ഒ. പി.വി. സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കളക്ടര്‍ പി.ഐ. ഷേയ്ക്ക് പരീത് സ്വാഗതവും ജി.കെ.എസ്.എഫ്. ഡയറക്ടര്‍ യു.വി. ജോസ് നന്ദിയും പറഞ്ഞു.

നടന്‍ കലാഭവന്‍ മണിയുടെ കലാവിരുന്നും പിന്നണി ഗായകരായ മഞ്ജരിയും വിധു പ്രതാപും നയിച്ച സംഗീത വിരുന്നും അരങ്ങേറി.

ഇന്റര്‍നാഷണല്‍, നാഷണല്‍, കേരള, കണ്‍സ്യൂമര്‍, ബ്രാന്‍ഡ്, വീവ്‌സ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് സ്റ്റാളുകള്‍. 40 സ്റ്റാളുകളുള്ള ഫുഡ് പവലിയന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, 3 ഡി 4 ഡി പ്രദര്‍ശനങ്ങള്‍, മാജിക് വേള്‍ഡ്, കുട്ടികളുടെ കളിസ്ഥലം, ഹൗസ് ബോട്ടുകള്‍, സ്​പീഡ് ബോട്ടുകള്‍ തുടങ്ങിയവയുമുണ്ട്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/