സംഗീതകോളേജില്‍ പഠിച്ചവരെ അധ്യാപകസ്ഥാനത്ത് പരിഗണിക്കും

Posted on: 23 Dec 2012തിരുവനന്തപുരം: സംഗീത കോളേജുകളില്‍ എം.പി.എ. പഠിച്ചവരെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ അധ്യാപക തസ്തികയ്ക്ക് പരിഗണിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഇതുസംബന്ധിച്ച സാങ്കേതിക തടസ്സം നീക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കത്തെഴുതുമെന്ന് സാംസ്‌കാരികമന്ത്രി കെ.സി. ജോസഫും അറിയിച്ചു.

ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ സംഗീതാധ്യാപകരെ നിയമിക്കാന്‍ പി.എസ്.സി. അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ സംഗീതകോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയ ബിരുദാനന്തര ബിരുദധാരികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്തവിധമാണ് പി.എസ്.സി. വിജ്ഞാപനം പുറത്തിറക്കിയത്.

എം.എയ്ക്ക് പകരംഎം.പി.എ. എന്ന ബിരുദാനന്തര ബിരുദകോഴ്‌സ് പഠിച്ചതാണ് ഇവര്‍ക്ക് പ്രശ്‌നമായത്. എം.എ. മ്യൂസിക്കിന് തുല്യമായി എം.പി.എ. മ്യൂസിക്കിനേയും പി.എസ്.സി. മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കഴിഞ്ഞദിവസം പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഇതുസംബന്ധിച്ച സബ്മിഷന്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

രണ്ട് ദശകമായി തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്കുപോലും തൊഴില്‍സാധ്യതയില്ലാത്ത സ്ഥിതിയാണ് നിലവില്‍.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/