ഇറ്റാലിയന്‍ നാവികരെ പോകാന്‍ അനുവദിച്ചതില്‍ എതിര്‍പ്പില്ല-ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം

Posted on: 23 Dec 2012തിരുവനന്തപുരം: കടല്‍ക്കൊലക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇറ്റാലിയന്‍ നാവികരെ നാട്ടില്‍ പോകാന്‍ അനുവദിച്ചതില്‍ എതിര്‍പ്പില്ലെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസെപാക്യം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും. നാവികര്‍ മടങ്ങിവരുമെന്ന ഉറപ്പ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാവികര്‍ ചെയ്തത് അംഗീകരിക്കാനാവില്ല. തക്കതായ നടപടി വേണമെന്ന് അന്നുതന്നെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. നിയമപരമായി തന്നെ നടപടികള്‍ നീങ്ങണം.

ഒരാള്‍ക്ക് ഒരു നീതിയും മറ്റൊരാള്‍ക്ക് വേറൊരു നീതിയും പാടില്ല. കുറേക്കാലമായി നാവികര്‍ വീട്ടില്‍ നിന്ന് അകന്നുനില്‍ക്കുന്നതിന്റെ വേദനയിലാണ്. നാവികരെ വിട്ടുകിട്ടാന്‍ അവര്‍ കാട്ടുന്ന താല്പര്യം മാതൃകാപരമാണ്. ശ്രീലങ്കയിലും പാകിസ്താനിലും ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ നമ്മുടെ സര്‍ക്കാരിന് താല്പര്യമില്ല - അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തോട് യോജിക്കാനാവില്ല. മദ്യനിയന്ത്രണത്തിനായെത്തിയ സര്‍ക്കാര്‍ കോടികള്‍ ലാഭം കൊയ്യുന്ന അബ്കാരിയായി മാറിയത് രാജ്യദ്രോഹ നടപടിയാണ്. പുതിയ ബാറുകള്‍ അനുവദിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. എകൈ്‌സസ് മന്ത്രി പറയുന്നത് കോടതിയെക്കുറിച്ചാണ്. ജനദ്രോഹ നയങ്ങള്‍ ഉണ്ടാക്കിയിട്ട് കോടതി ഇടപെടുന്നുവെന്ന് പറയുന്നത് ശരിയല്ല. കോടതിയുടെ നിശബ്ദ നിരീക്ഷണങ്ങളെല്ലാം മദ്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

കൂടങ്കുളം വിഷയത്തില്‍ ജനങ്ങളുടെ ഭയവും ദുരിതവും സര്‍ക്കാരുകള്‍ കാണുന്നില്ല. പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ പാവപ്പെട്ട ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/