തന്നെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചവര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് വി.എസ്

Posted on: 01 Sep 2014തിരുവനന്തപുരം: സ്ത്രീ പീഡനങ്ങള്‍ക്കെതിരായ തന്റെ പോരാട്ടങ്ങളെ പരിഹസിക്കുകയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ ദില്ലി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ വിട്ടയച്ച സംഭവത്തിലും തനിക്കെതിരായ ഭൂമിദാനക്കേസിലും അഭിഭാഷകരുമായി ആലോചിച്ച് എന്തു വേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പെണ്‍വാണിഭ കേസുകള്‍ തെളിയേണ്ടതും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടേണ്ടതും വിശാലമായ ലക്ഷ്യത്തിന് വേണ്ടിയാണെന്ന് തിരിച്ചറിയണം. സൂര്യനെല്ലി, ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള കേസുകളില്‍ പോലീസിന്റെയും ജുഡീഷ്യറിയുടെയും പഴുതുകള്‍ക്കിടയിലൂടെ കുറ്റവാളികള്‍ ഊര്‍ന്നുപോയി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടം അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിയമപരവും രാഷ്ട്രീയവുമായ പോരാട്ടമാണ്.

ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അലംഭാവം കാട്ടുകയോ പണച്ചാക്കുകള്‍ക്ക് മുന്നില്‍ കീഴടങ്ങുകയോ ചെയ്യുകയാണ്. ജനരോഷം കൊണ്ടല്ലാതെ ഇത്തരം സംഭവങ്ങള്‍ക്ക് പരിഹാരമില്ലെന്നാണ് ഡല്‍ഹി സംഭവം കാണിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ശക്തമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവമാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമം പെരുകാന്‍ കാരണം. ഡല്‍ഹി സംഭവം ഉണ്ടായശേഷം ഇടപെട്ടുവെന്ന് അവകാശപ്പെടുന്ന ഭരണക്കാരും പോലീസും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്ത് മുന്‍കരുതലാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണം. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശം നഷ്ടപ്പെട്ടുകഴിഞ്ഞെന്നും വി.എസ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളുടെ ജീവനേക്കാള്‍ ഇറ്റാലിയന്‍ നാവികരുടെ ജീവന് വിലകല്പിച്ചതിനാലാണ് അവരെ വിട്ടയച്ചത്. ഇതേ നീതി ജയിലിനുള്ളില്‍ കിടക്കുന്ന മറ്റുള്ളവര്‍ക്കും കിട്ടണം. വിട്ടയയ്ക്കപ്പെട്ട നാവികര്‍ തിരിച്ചുവരാനിടയില്ല. കോടതി ഉത്തരവ് പുറത്തു വരുന്നതിന് മുമ്പാണ് അവരെ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ നല്‍കിയില്ല. തനിക്കെതിരായ ഭൂമിദാനക്കേസില്‍ അരമണിക്കൂറിനകമാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്. ഇംഗ്ലീഷും മലയാളവും അറിയാത്ത ചീഫ് ജസ്റ്റീസ് അരമണിക്കൂറിനകം തീരുമാനം എടുക്കുകയും ചെയ്തു. അതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുകയും അഭിഭാഷകര്‍ തന്നെ റിട്ട് ഫയല്‍ ചെയ്യുകയുമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/