പീഡനക്കേസുകളേറുന്നു; വനിതാ അന്വേഷണസംഘത്തിന് വെല്ലുവിളികളേറെ

Posted on: 23 Dec 2012തിരുവനന്തപുരം: സംസ്ഥാന പോലീസ് പുതുതായി രൂപം നല്‍കിയ വനിതാ അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളികളേറെ. പീഡനക്കേസുകള്‍ വര്‍ഷം തോറും വര്‍ധിക്കുന്നതും വിചാരണയ്‌ക്കെടുക്കുന്ന കാലതാമസവും വിവിധ അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയുമാണ് പുതിയ അന്വേഷണ സംഘത്തെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികള്‍.

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സപ്തംബര്‍ വരെ 715 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ 286 കേസുകളില്‍ കുട്ടികളാണ് ഇരകള്‍. 2009-ല്‍ 568 ഉം 2010-ല്‍ 634 ഉം ബലാത്സംഗക്കേസുകളാണ് ഇതേ കാലയളവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2011-ല്‍ ആകെ 1132 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

ഈ വര്‍ഷം സപ്തംബര്‍ വരെ സ്ത്രീകളെ അപമാനിച്ചതിന് 2798 കേസുകളും ലൈംഗികാതിക്രമത്തിന് 343 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ആദ്യമായി 2012-ല്‍ ഒരു ഭ്രൂണഹത്യാ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2012-ല്‍ ഇതുവരെ 193 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 50 കേസുകളില്‍ ഇരകള്‍ സ്ത്രീകളാണ്. 47 കേസുകളില്‍ കുട്ടികളും.

''സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവിലെ സംവിധാനത്തില്‍ പോരായ്മകളുണ്ട്. ഇതേക്കുറിച്ച് നിരവധി പരാതികള്‍ സ്ത്രീകളില്‍ നിന്നുതന്നെ ലഭിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടക്കവേ സ്ത്രീകളുടേതായ പ്രശ്‌നങ്ങള്‍ മാത്രം പറയാനൊരു വേദി എന്ന നിലയിലാണ് വനിതാ അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ഈ സംഘത്തിന്റെ ദൗത്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും''-സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യം പറഞ്ഞു. ''ഇതൊരു പൂര്‍ണമായ സമീപനമാണ്. പ്രതികളെ പിടിക്കുക മാത്രമല്ല ലക്ഷ്യം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതുവരെ ഈ അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടമുണ്ടാകും. അതത് പോലീസ് സ്റ്റേഷനുകളില്‍ രേഖപ്പെടുത്തുന്ന കേസുകളില്‍ തെളിവ് ശേഖരിക്കുന്നതിനും അതിവേഗം വിചാരണയ്‌ക്കെത്തിക്കുന്നതിനും വനിതാ അന്വേഷണസംഘത്തിന്റെ സേവനമുണ്ടാകും''-പോലീസ് മേധാവി പറഞ്ഞു.

സ്ത്രീപീഡനകേസുകളുടെ അന്വേഷണത്തില്‍ സമ്പൂര്‍ണ ഇടപെടല്‍ നടത്താനുള്ള സമീപനത്തിന്റെ ഭാഗമായാണ് വനിതകള്‍ മാത്രമുള്‍പ്പെടുന്ന വിദഗ്ധ അന്വേഷണസംഘത്തിന് രൂപം കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പോലീസില്‍ പ്രത്യേക വനിതാ അന്വേഷണ സംഘത്തിന് രൂപം നല്‍കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി ബി.സന്ധ്യയാണ് അന്വേഷണ സംഘത്തിന്റെ മേധാവി. ഐ.പി.എസ് ഉദ്യോഗസ്ഥരായ ഉമാ ബഹ്‌റ, അജിതാ ബീഗം, ചന്ദന്‍ ചൗധരി എന്നിവര്‍ ഈ സംഘത്തില്‍ അംഗങ്ങളായിരിക്കും. പോലീസ് മേധാവി ഏല്പിക്കുന്ന കേസുകളാവും ആദ്യഘട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുക. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്ത്രീപീഡനക്കേസുകളെക്കുറിച്ച് എല്ലാ മാസവും പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് ചെയ്യണം. സംഘം വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതല്‍ കേസുകള്‍ ഏറ്റെടുക്കാന്‍ കഴിയും.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/