സ്മാര്‍ട്ട് സിറ്റി: ടീകോം പിന്‍വാങ്ങുന്നു

Posted on: 23 Dec 2012


അനീഷ് ജേക്കബ്‌ദുബായ് ഹോള്‍ഡിങ് നിര്‍മാണം ഏറ്റെടുക്കും

* ടീകോമില്‍ നിന്ന് അബ്ദുല്‍ ലത്തീഫ് സ്ഥാനമൊഴിഞ്ഞു

* ജനവരി ആദ്യം ദുബായ് ഹോള്‍ഡിങ്ങിന്റെ നിര്‍ണായക യോഗം

* സെസ്സ് സംഘം ജനവരി 18ന് എത്തും


തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ മുഖ്യ പങ്കാളിയായ ടീകോം സംരംഭത്തില്‍ നിന്ന് പിന്മാറാനും പകരം പങ്കാളിത്തം മാതൃ കമ്പനിയായ ദുബായ് ഹോള്‍ഡിങ് തന്നെ ഏറ്റെടുക്കാനും ആലോചിക്കുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കുന്നില്ലെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടാണ് ടീകോമിന്റെ പിന്മാറ്റത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഒപ്പം ടീകോമിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളും കാരണമാണ്.

സ്മാര്‍ട്ട് സിറ്റി പോലെയുള്ള പദ്ധതികള്‍ നടത്താനായി ദുബായ് ഹോള്‍ഡിങ് രൂപവത്കരിച്ച സബ്‌സിഡയറിയാണ് ടീകോം. ജനവരി ആറിന് ദുബായ് ഹോള്‍ഡിങ്ങിന്റെ നിര്‍ണായക യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.

ടീകോം ഡയറക്ടര്‍ ബോര്‍ഡില്‍ ദുബായ് ഹോള്‍ഡിങ്ങിന്റെ പ്രതിനിധിയും ടീകോമിന്റെ ചുമതലക്കാരനുമായിരുന്ന അബ്ദുള്‍ ലത്തീഫ് സ്ഥാനം ഒഴിഞ്ഞ് മാതൃസ്ഥാപനത്തിലേക്ക് പോകുകയാണ്. അദ്ദേഹം ജനവരി ഒന്നിന് അവിടെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടറായി ചുമതലയേറ്റെടുക്കും. അബ്ദുള്‍ ലത്തീഫിന്റെ ചുമതലയിലായിരിക്കും ഇനി സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം. ദുബായ് ഹോള്‍ഡിങ് സ്മാര്‍ട്ട് സിറ്റിയുടെ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് അബ്ദുള്‍ ലത്തീഫ് ടീകോമില്‍ നിന്ന് അങ്ങോട്ടേയ്ക്ക് കളം മാറുന്നത്.

ദൂബായ് സര്‍ക്കാരിന് പങ്കാളിത്തമുള്ള ദുബായ് ഹോള്‍ഡിങ് തന്നെ നേരിട്ട് നിര്‍മാണ പങ്കാളിയാകുന്നത് സമാര്‍ട്ട് സിറ്റിയുടെ നടത്തിപ്പിലും പുരോഗതിയിലും കേരളത്തിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ടീകോമിന്റെ പിന്മാറ്റത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എങ്കിലും സംസ്ഥാന അധികൃതര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ട്.

കഴിഞ്ഞയാഴ്ച നിയമസഭാ സമ്മേളനം നടക്കുന്നതിനിടയില്‍ ടീകോം അധികൃതര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരത്തെത്തി സന്ദര്‍ശിച്ചിരുന്നു. ടീകോം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ ദുബായ് ഹോള്‍ഡിങ് നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിനും എതിര്‍പ്പില്ലെന്നാണ് അറിയുന്നത്.

ഏറെനാളായി സെസ്സ് സംബന്ധിച്ച തര്‍ക്കത്തില്‍ കുടുങ്ങി സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. പദ്ധതി പ്രദേശത്തിന് മൊത്തമായി സെസ്സ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരും ടീകോമും ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ സ്ഥലത്തെ രണ്ടായി വിഭജിച്ച് പുഴയുള്ളതിനാല്‍ ഒറ്റ സെസ്സ് നല്‍കുന്നതിന് കേന്ദ്രത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായി. എന്നാല്‍ ഇക്കാര്യത്തിലും അനുകൂല തീരുമാനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ജനവരി 18 ന് കേന്ദ്ര സംഘം സെസ്സ് നല്‍കുന്നതിന് മുന്നോടിയായി സ്മാര്‍ട്ടി സിറ്റിയുടെ സ്ഥലം പരിശോധിക്കും. ഒറ്റ സെസ്സ് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

18 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്നാണ് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പവലിയന്റെ നിര്‍മാണം മാത്രമേ ഇനിയും പൂര്‍ത്തിയായിട്ടുള്ളൂ. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 10,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് കരാര്‍. മൂന്ന് ഘട്ടമായി നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 90,000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുമെന്നും കരാര്‍ വ്യക്തമാക്കുന്നു.

246 ഏക്കറില്‍ 8.8 ദശലക്ഷം ചതുരശ്രയടി കെട്ടിടമാണ് സ്മാര്‍ട്ട സിറ്റിയില്‍ നിര്‍മിക്കുക. ഇതില്‍ 6.21 ദശലക്ഷം ചതുരശ്രയടി ഐ.ടിക്കും ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായിരിക്കും.

സെസ്സ് പദവി ഉടന്‍; നിര്‍മാണം ഊര്‍ജിതമാക്കും - മുഖ്യമന്ത്രി


സ്മാര്‍ട്ട് സിറ്റിക്ക് പദ്ധതിപ്രദേശത്തിന് ആകെ ഒറ്റ സെസ്സ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാകും. സ്മാര്‍ട്ട് സിറ്റിയുടെ അടുത്തയോഗം ദുബായില്‍ ചേരുമെന്നാണ് അവര്‍ അറിയിച്ചത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ദുബായില്‍ അവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി പദ്ധതി പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/