കമന്റടിച്ചാലും ഇനി മൂന്നുകൊല്ലം തടവ്‌

Posted on: 23 Dec 2012


വി.ബി.ഉണ്ണിത്താന്‍കുട്ടികളെ പീഡിപ്പിച്ചാല്‍ ജീവപര്യന്തം

കൊല്ലം: പതിനെട്ടു വയസ്സിന് താഴെയുള്ള ആണിനെയോ, പെണ്ണിനെയോ കമന്റടിച്ചാല്‍ ഇനി മൂന്ന് കൊല്ലമെങ്കിലും ജയിലില്‍ കിടക്കണം . ആണ്‍കുട്ടികളെയോ പെണ്‍കുട്ടികളെയോ ലൈംഗികപീഡനം നടത്തുകയോ ശരീരത്തില്‍ തൊടുകയോ ചെയ്താല്‍പ്പോലും ജാമ്യമില്ലാ വകുപ്പില്‍ 24 മണിക്കൂറിനുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്യും. ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിയും വരും. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം പൂര്‍ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ഇക്കൊല്ലം പാസാക്കിയ നിയമം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷന്‍ വഴിയും നടപ്പാക്കിത്തുടങ്ങി. ഈ നിയമത്തിന്‍ കീഴില്‍ ഇതിനകം പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗുരുവായൂര്‍, പന്തളം, കൊല്ലം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് ഈ നിയമത്തിന്‍ കീഴില്‍ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 പ്രകാരമാണ് ശിക്ഷ. മൂന്ന് വകുപ്പുകളിലായാണ് കേന്ദ്രനിയമ പ്രകാരം പോലീസ് കേസെടുത്ത് പ്രതികളെ ജയിലിലാക്കുക- ശക്തമായതോ ക്രൂരമായതോ ആയ ലൈംഗികപീഡനം (സെക്ഷ്വല്‍ പെനട്രേഷന്‍), അപ്രതീക്ഷിതമായതോ വേഗത്തിലുള്ളതോ ആയ ലൈംഗികപീഡനം (സെക്ഷ്വല്‍ അസോള്‍ട്ട്), ലൈംഗികപീഡനം (സെക്ഷ്വല്‍ ഹരാസ്‌മെന്റ്)

ആദ്യവിഭാഗത്തില്‍പ്പെടുന്ന കുറ്റകൃത്യം നിയമത്തിന്റെ മൂന്നാം ഭാഗത്തില്‍ പെടുന്നതാണ്. ഒരു ആണ്‍കുട്ടിയേയോ പെണ്‍കുട്ടിയേയോ ലൈംഗികബന്ധത്തിന് വിധേയമാക്കുകയോ, ലൈംഗിക ഇച്ഛയോടെ പീഡിപ്പിക്കുകയോ, ശരീരത്തില്‍ തൊടുകയോ, തലോടുകയോ ചെയ്താല്‍പ്പോലും ഈ വകുപ്പ് പ്രകാരം കേസെടുക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കുന്നതിനൊപ്പം ജീവപര്യന്തം ശിക്ഷയാകും കിട്ടുക. ശിക്ഷാ നടപടിക്രമങ്ങള്‍ വേഗത്തില്‍ നടക്കുന്നതിനൊപ്പം കോടതിവിധി വരുന്നതുവരെ പുറത്തിറങ്ങാനും കഴിയില്ല.

നിയമത്തിന്റെ ഏഴാം ഭാഗത്തിലാണ് രണ്ടാം വിഭാഗം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ പ്രതിപാദിച്ചിട്ടുള്ളത്. ലൈംഗിക ഉദ്ദേശത്തോടെ പതിനെട്ടു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയോ പെണ്‍കുട്ടികളുടെയോ ശരീരത്തില്‍ തൊടുക, ആലിംഗനം ചെയ്യുക എന്നീ കുറ്റങ്ങള്‍ക്ക് അഞ്ചുകൊല്ലം ശിക്ഷ ലഭിക്കും.

പതിനൊന്നാം സെക്ഷനിലാണ് മൂന്നാമത്തെ വിഭാഗമായ ലൈംഗികപീഡനത്തിനുള്ള ശിക്ഷ പ്രതിപാദിച്ചിരിക്കുന്നത്. ലൈംഗിക ലക്ഷ്യത്തോടെ ആംഗ്യം കാണിക്കുക, ആണിനെയോ പെണ്ണിനെയോ കമന്റടിക്കുക എന്നിവ ചെയ്താല്‍ പോലീസ് കേസെടുക്കും. മൊബൈല്‍ ഫോണിലൂടെയോ അല്ലാതെയോ ലൈംഗിക ചേഷ്ടകളുടെ ചിത്രം കാണിക്കുന്നതടക്കം ലൈംഗികത ഉദ്ദേശിച്ച് മറ്റെന്ത് കാട്ടിയാലും കുട്ടി പരാതിപ്പെട്ടാല്‍ അത് കേസായി മാറും .

ഈ നിയമത്തിലെ 13-ാം സെക്ഷന്‍ പ്രകാരം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ശരീരഭാഗങ്ങളുടെ ചിത്രമെടുക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്താലും അഞ്ചുകൊല്ലം ശിക്ഷ കിട്ടും. സെക്ഷന്‍ 20 അനുസരിച്ച് ഇത്തരം ചിത്രങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ അത് ഉടനെ പോലീസിനെ അറിയിക്കണം. അറിയിച്ചില്ലെങ്കില്‍ ആറ് മാസം ജയിലില്‍ കിടക്കേണ്ടിവരും. ഇത്തരം ചിത്രത്തെപ്പറ്റി നേരത്തെ അറിഞ്ഞിരുന്നു എന്ന് പോലീസിന് ബോധ്യപ്പട്ടാല്‍ മതിയാകും. നടപടിയെടുത്തില്ലെന്ന് പരാതിയുണ്ടായാല്‍ പോലീസുകാര്‍ക്കും ശിക്ഷ ലഭിക്കും. ഈ നിയമപ്രകാരമുള്ള എല്ലാ കേസുകളുടെയും എഫ്.ഐ.ആര്‍. നല്‍കേണ്ടത് സെഷന്‍സ് കോടതിയിലാണ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/