ചില്ല സാഹിത്യപ്രതിഭാ പുരസ്‌കാരം തനൂജ എസ്. ഭട്ടതിരിക്ക്‌

Posted on: 23 Dec 2012കോഴിക്കോട്: ചില്ല സാഹിത്യട്രസ്റ്റിന്റെ നാലാമത് സാഹിത്യപ്രതിഭാ പുരസ്‌കാരത്തിന് തനൂജ എസ്. ഭട്ടതിരിയെ തിരഞ്ഞെടുത്തു. എച്ച് ആന്‍ഡ് സി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'നാം മറക്കാതിരിക്കണം' എന്ന ലേഖന സമാഹാരത്തിനാണ് പുരസ്‌കാരം. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 2013 ഫിബ്രവരി രണ്ടാംവാരം എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ ഡോ. എം. ലീലാവതി സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്‍.കെ. അച്ചന്‍കുഞ്ഞ്, ഇ. പ്രശാന്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കാല്‍നൂറ്റാണ്ടായി ചെറുകഥകള്‍ എഴുതുന്ന തനൂജ മലയാളത്തിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിലാണ് കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ട് ചെറുകഥാ പുസ്തകങ്ങളും രണ്ട് ലേഖനസമാഹാരങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഗ്രാന്‍ഡ് ഫിനാലെ' എന്ന നോവല്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവരുന്നു. ലളിതാംബിക അന്തര്‍ജനത്തിന്റെ ചെറുമകളാണ്. എഴുത്തുകാരനും അഭിഭാഷകനുമായ ശ്രീനാരായണ ഭട്ടതിരിയുടെ ഭാര്യയാണ് തനൂജ. മൂത്തമകള്‍ തപ്തി പ്രിയങ്ക കമ്പ്യൂട്ടര്‍ എന്‍ജിനിയറും ഇളയമകള്‍ അപര്‍ണ ദീപ്തി അഭിഭാഷകയുമാണ്.
മുന്‍ വര്‍ഷങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍, ഡോ. പി.കെ. വാര്യര്‍, ബാലകൃഷ്ണന്‍ മാങ്ങാട് എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/