മന്ത്രി അനൂപ് ജേക്കബിനും ജോണി നെല്ലൂരിനും എതിരെ വിജിലന്‍സില്‍ പരാതി

Posted on: 23 Dec 2012കോട്ടയം: അനധികൃതമായി റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിനും ജില്ലാ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് സ്ഥലംമാറ്റം നല്‍കുന്നതിനുമായി ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് (ജെ)ചെയര്‍മാന്‍ ജോണി നെല്ലൂരിനും എതിരെ വിജിലന്‍സില്‍ പരാതി. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ പരാതി നല്‍കിയത്.

മന്ത്രി അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായ ബിജു മറ്റപ്പള്ളി, സി.മോഹനന്‍പിള്ള, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍, കോട്ടയം മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ശ്രീലത എന്നിവര്‍ക്കെതിരെ അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഡ്വ.പോള്‍ കെ.വര്‍ഗീസ് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ 28ന് വാദം നടക്കും. മുന്‍ കോട്ടയം ഡി.എസ്.ഒ. ശ്രീലതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി. ശ്രീലതയുമായിനടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളടങ്ങിയ സി.ഡി.യും തെളിവായി നല്‍കിയിട്ടുണ്ട്.

കോട്ടയത്തെ ജില്ലാ സപ്ലൈ ഓഫീസറായി നിയമനം നല്‍കുന്നതിന് മുന്‍ ഡി.എസ്.ഒ. ശ്രീലതയുടെ പക്കല്‍നിന്ന് മൂന്നുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് അവര്‍ തുറന്നുസമ്മതിച്ചതായി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബിജു മറ്റപ്പള്ളിയാണ് പണം വാങ്ങിയത്. അനൂപ് ജേക്കബ് പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഓരോ റേഷന്‍ മൊത്തവ്യാപാരിയുടെ കൈയില്‍നിന്ന് പതിനായിരം രൂപവീതം പിരിച്ചെടുത്ത് പാര്‍ട്ടി ചെയര്‍മാനെ ഏല്‍പ്പിച്ചതായും ശ്രീലത വെളിപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശപ്രകാരമായിരുന്നു ഇത്.

ക്രമവിരുദ്ധമായി റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിച്ചതിന് പാര്‍ട്ടിനേതാക്കള്‍ പണം വാങ്ങിയതായും 50,000 രൂപ തനിക്കും ലഭിച്ചതായും ശ്രീലത സമ്മതിച്ചതായി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.
സംഭവത്തെപ്പറ്റി തനിക്ക് വ്യക്തമായ അറിവില്ലെന്നും ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ശ്രീലതയും പണം കൊടുത്തതായുള്ള വാര്‍ത്ത നിഷേധിക്കുകയാണ്.

പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം- ജോണി നെല്ലൂര്‍


കോട്ടയം: മന്ത്രി അനൂപ് ജേക്കബും താനും അടക്കമുള്ളവര്‍ക്കെതിരെ ബേബിച്ചന്‍ മുക്കാടന്‍ നടത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒറ്റ റേഷന്‍ വ്യാപാരിപോലുമില്ലാത്ത കടലാസ് സംഘടനയാണ് ബേബിച്ചന്‍ മുക്കാടന്‍േറത്. മൊത്തവ്യാപാരികളെയും റേഷന്‍കടക്കാരെയും വിരട്ടി പണം വാങ്ങുന്ന ഒരാളുടെ ആരോപണങ്ങള്‍ക്ക് വിലകൊടുക്കേണ്ട കാര്യമില്ല. പാര്‍ട്ടിയെ തകര്‍ക്കാനുള്ള സംഘത്തില്‍ യു.ഡി.എഫിലുള്ളവരും ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുക്കാടന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം മതിയാക്കാനും താന്‍ തയ്യാറാണെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. ഡി.എസ്.ഒ. ആയിരുന്ന ശ്രീലതയെ അറിയില്ല.

അനൂപ് ജേക്കബ് മന്ത്രിയായതിനുശേഷം ഭരണകാര്യത്തില്‍ പാര്‍ട്ടിയോ ഭാരവാഹികളോ ഇടപെടാറില്ല. ശ്രീലതയില്‍നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ബേബിച്ചന്‍ മുക്കാടനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജു മറ്റപ്പള്ളിയും പറഞ്ഞു.


Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/