ശരണകീര്‍ത്തനം മുഴങ്ങി; തങ്കയങ്കി ഘോഷയാത്രയ്ക്ക് തുടക്കം

Posted on: 02 Sep 2014ആറന്മുള: മണ്ഡലപൂജയ്ക്ക് സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് ഭക്തിപൂര്‍ണമായ തുടക്കം. ശരണകീര്‍ത്തനം മുഴങ്ങവെ ആറന്മുള പാര്‍ഥസാരഥിക്ഷേത്രത്തില്‍ നിന്ന് ശനിയാഴ്ച പുലരിയില്‍ ഘോഷയാത്ര പുറപ്പെട്ടു. ഡിസംബര്‍ 25 ന് വൈകീട്ട് 5 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 26 ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.

ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് ആറന്മുളയിലെ പ്രത്യേക ഭണ്ഡാരത്തില്‍നിന്ന് പുറത്തെടുത്ത അങ്കി 7 മണിവരെ നടപ്പന്തലില്‍ ദര്‍ശനത്തിന് വെച്ചു. 7.15 ന് ക്ഷേത്രകവാടം കടന്ന് പ്രത്യേക രഥത്തില്‍ കയറ്റി.

ദേവസ്വം ബോര്‍ഡ്പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, അംഗം സുഭാഷ് വാസു, കമ്മീഷണര്‍ എന്‍.വാസു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി. ഘോഷയാത്ര ഓമല്ലൂര്‍ ക്ഷേത്രത്തില്‍ രാത്രി എത്തിച്ചേര്‍ന്നു. ഞായറാഴ്ച ഓമല്ലൂരില്‍ നിന്ന് പുറപ്പെട്ട് ഘോഷയാത്ര കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ എത്തി വിശ്രമിക്കും. തിങ്കളാഴ്ച രാത്രി പെരുനാട് ക്ഷേത്രത്തിലാണ് വിശ്രമം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് പമ്പയില്‍ എത്തിച്ചേരുന്ന ഘോഷയാത്ര 3 മണിക്ക് സന്നിധാനത്തേക്ക് പുറപ്പെടും. തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിരതിരുനാള്‍ സമര്‍പ്പിച്ചതാണ് 426 പവന്‍ തൂക്കമുള്ള തങ്കയങ്കി.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/