സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍

Posted on: 23 Dec 2012

കാസര്‍കോട്: സ്ത്രീകളെ ഉപയോഗിച്ച് സമൂഹത്തിലെ ഉന്നതരില്‍നിന്ന് പണം തട്ടുന്ന ഏഴംഗ സംഘത്തിലെ അഞ്ചുപേര്‍ പിടിയിലായി. കേരളത്തിലും കര്‍ണാടകത്തിലും സമാന സ്വഭാവമുള്ള മാഫിയകളുമായി ബന്ധമുണ്ടെന്ന് കരുതുന്ന സംഘത്തെ ശനിയാഴ്ച രാവിലെയാണ് കാസര്‍കോട് പോലീസ് അറസ്റ്റ്‌ചെയ്തത്. രണ്ടുപേരെ പിടികൂടാനുണ്ട്.

അറസ്റ്റിലായവരില്‍ മൂന്നുപേര്‍ കര്‍ണാടക സ്വദേശികളും രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളുമാണ്. കുടക് സോമാവര്‍പേട്ട ചൗഡ്‌ലു സ്വദേശി കെ.ഇ.ഉമ്മര്‍(39), മടിക്കേരി കക്കബേ കുഞ്ചില സ്വദേശി കെ.എം.ജാഫര്‍ ഷെരീഫ്(25), സുള്ള്യ സ്വദേശി കെ.ഇഷ്ഹാക്ക് (32), കാസര്‍കോട് കോയിപ്പാടി സ്വദേശി എസ്.കെ.ശൈലേഷ്(28), മൊഗ്രാല്‍ സ്വദേശി മുഹമ്മദ് ഷാക്കീര്‍(32) എന്നിവരാണ് പിടിയിലായത്. മടിക്കേരി സ്വദേശിനി മൈമുന, സീതാംഗോളി സ്വദേശി പജ്ജു എന്നിവരാണ് പിടിയിലാവാനുള്ളത്. കുടക് നപോക്‌ലു സ്വദേശിയും ഗള്‍ഫില്‍ ബിസിനസ്സുകാരനുമായിരുന്ന ഹസൈനാറെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവരെ അറസ്റ്റ്‌ചെയ്തത്.

പോലീസ് പറയുന്നതിങ്ങനെ: ഡിസംബര്‍ ഏഴിന് ഹസൈനാറും ഈ സംഘത്തില്‍പ്പെട്ട മൈമുനയും ഉപ്പളയില്‍നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റിനടുത്തുവെച്ച് ഇവരെ പിന്‍തുടര്‍ന്ന ആറംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്ന് പറഞ്ഞ ഹസൈനാറെ സുള്ള്യയിലേക്ക് കൊണ്ടുപോയി ഒരു ലോഡ്ജില്‍ താമസിപ്പിച്ചു. അവിടെനിന്ന് ഹസൈനാര്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ട് നപോക്‌ലു പോലീസ്‌സ്റ്റേഷനില്‍ പരാതിനല്കി.

തുടര്‍ന്ന് നപോക്‌ലു പോലീസ് രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലാണ് സംഭവമെന്നതിനാല്‍ തുടരന്വേഷണത്തിനായി മഞ്ചേശ്വരം പോലീസിന് കേസ് കൈമാറി. കുമ്പള സി.ഐ. ടി.പി.രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള അന്വേഷണം.

മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചശേഷം സ്ത്രീകളെക്കൊണ്ട് സമൂഹത്തിലെ ഉന്നതരെ നിരന്തരമായി വിളിച്ച് ബന്ധമുണ്ടാക്കലാണ് സംഘം ആദ്യം ചെയ്യുക. അതിനുശേഷം അവരുടെ കാറില്‍ യാത്ര സംഘടിപ്പിക്കും. വഴിയില്‍വെച്ച് ഇവരെ തടയുന്ന ഉമ്മറും സംഘവും വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ചോദിക്കുകയാണ് രീതി. പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണെന്നും ഇതില്‍ ജാഫര്‍ ഷെറിഫ് ഒരു കൊലക്കേസ് പ്രതിയാണെന്നും ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/