യുവതി വെട്ടേറ്റ് മരിച്ചു; കാമുകന്‍ ആസ്‌പത്രിയില്‍

Posted on: 23 Dec 2012സഹോദരങ്ങളെ പോലീസ് തിരയുന്നു

മട്ടന്നൂര്‍: വിവാഹത്തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കുട്ടികളുടെ മാതാവായ യുവതി വെട്ടേറ്റ് മരിച്ചു. കാമുകനായ യുവാവിനെ വെട്ടേറ്റ പരിക്കുകളോടെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ സഹോദരന്മാരാണെന്ന് പോലീസ് സംശയിക്കുന്നു.

ഉളിയില്‍ പാലത്തിന് സമീപം പടിക്കച്ചാല്‍ റോഡിലെ സഫ്‌ന മന്‍സിലില്‍ കെ.എന്‍.കദീജ (28)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കാമുകന്‍ രാമനാട്ടുകര സ്വദേശി ഹമീദ് (39), കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇതോടനുബന്ധിച്ച് കദീജയുടെ സഹോദരങ്ങളായ ഇസ്മയില്‍, ഫിറോസ് എന്നിവരെ പോലീസ് തിരയുന്നുണ്ട്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട കദീജ അടുത്തകാലത്ത് വിവാഹമോചനം നേടിയിരുന്നു. ഇവരുടെ ജീവനാംശ സംബന്ധമായ കേസ് മട്ടന്നൂര്‍ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ അടുത്തകാലത്ത് പരിചയപ്പെട്ട മരപ്പണിക്കാരന്‍ ഹമീദുമായി അടുപ്പത്തിലാവുകയും ഒരാഴ്ച മുമ്പ് ഒളിച്ചോടുകയുമായിരുന്നു. ഫറൂക്ക് സ്റ്റേഷനില്‍ ഹാജരായ ഇവര്‍ വിവാഹിതരാകാനാഗ്രഹിക്കുന്ന കാര്യം അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസം സഹോദരങ്ങള്‍ ഹമീദിനെയും ബന്ധുക്കളെയും വീട്ടിലേക്ക് വിളിച്ചു. ശനിയാഴ്ച വീട്ടിലെത്തിയ ഇവരും കദീജയുടെ സഹോദരങ്ങളും തമ്മിലുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഇരിട്ടി ഡിവൈ.എസ്.പി. എം.പ്രദീപ്കുമാര്‍, ഇരിട്ടി സി.ഐ. വി.വി.മനോജ്, മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവ്, മട്ടന്നൂര്‍ എസ്.ഐ. കെ.വി.പ്രമോദ്, ഇരിട്ടി എസ്.ഐ. പി.ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍നിന്നുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് തിരച്ചില്‍ നടത്തി. മണംപിടിച്ച നായകള്‍ ഉളിയില്‍ പാച്ചിലാളത്തിന് സമീപമെത്തി മടങ്ങി.

മട്ടന്നൂര്‍ സി.ഐ. ടി.എന്‍.സജീവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ്‌ചെയ്യുന്നുണ്ട്. മട്ടന്നൂര്‍ ടൗണിലെ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി പടിക്കച്ചാല്‍ പള്ളിക്ക് സമീപത്തെ ആബൂട്ടി-ആയിഷ ദമ്പതിമാരുടെ മകളാണ് കദീജ. മക്കള്‍: സഫ്‌ന, സജ്‌ന. മറ്റു സഹോദരങ്ങള്‍: ഷാഹിദ, സീനത്ത്, സല്‍മത്ത്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/