ടി.കെ.രജീഷിനെ കോഴിക്കോട് ജയിലിലേക്ക് മാറ്റി

Posted on: 23 Dec 2012ഷൗക്കത്തലിക്കെതിരെ നിയമനടപടിയെന്ന് സി.പി.എം.


കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതി ടി.കെ.രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റി. സംസ്ഥാനസമിതി അംഗം എം.വി.ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം. എം.എല്‍.എ.മാര്‍ രജീഷിനെ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ടേക്ക് മാറ്റാനുള്ള ഉത്തരവിറങ്ങിയത്.

കെ.ടി.ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യംചെയ്യലില്‍ രജീഷിനെ ക്രൂരമായി മര്‍ദിച്ചുവെന്ന ആരോപണമാണ് ജയില്‍മാറ്റത്തിന് കാരണമായതെന്നാണ് സൂചന. രജീഷിനെ സന്ദര്‍ശിച്ചശേഷം എം.വി.ജയരാജന്‍ ഈ ആരോപണം ആവര്‍ത്തിച്ചു. സി.പി.എം.വേട്ടയ്ക്കിറങ്ങിയ ഡിവൈ.എസ്.പി. ഷൗക്കത്തലിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷണത്തിനെത്തിയ ഡിവൈ.എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ രണ്ടുദിവസം രജീഷിനെ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിനിടയില്‍ സി.പി.എം. നേതാക്കളുടെ പേരുപറയാനാവശ്യപ്പെട്ട് രജീഷിനെ മര്‍ദിച്ചുവെന്നാണ് സി.പി.എം. നേതാക്കളുടെയും ടി.കെ.രജീഷിന്റെയും പരാതി. ഇതിനെക്കുറിച്ചറിയാനാണ് സി.പി.എം. എം.എല്‍.എ.മാര്‍ ശനിയാഴ്ച രാവിലെ രജീഷിനെ കാണാനെത്തിയത്. എം.എല്‍.എ.മാരായ ടി.വി.രാജേഷ്, ജയിംസ് മാത്യു, കെ.കെ.നാരായണന്‍, സി.കൃഷ്ണന്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ചോദ്യംചെയ്യുന്നതിനിടയില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തന്നെ ക്രൂരമായി മര്‍ദിച്ചതായി രജിഷ് പറഞ്ഞെന്ന് പുറത്തിറങ്ങിയ എം.വി.ജയരാജന്‍ പറഞ്ഞു.

'ഷൗക്കത്തലി ലോക്കല്‍ പോലീസിലായിരുന്നപ്പോള്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കലായിരുന്നു മുഖ്യം. ക്രൈംബ്രാഞ്ചിലായപ്പോഴും സി.പി.എം.വേട്ടയ്ക്ക് നിയോഗിക്കുകയാണ്. സി.പി.എം.വേട്ടയ്ക്ക് നേതൃത്വംനല്കുന്ന എല്ലാ പോലീസുദ്യോഗസ്ഥരോടും പറഞ്ഞേക്കാം. സി.പി.എമ്മിലെ ഏതെങ്കിലും ഒരാളുടെമേല്‍ കൈ വീണാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഷൗക്കത്തലിയുടെ സ്ഥിതിയും വ്യത്യസ്തമല്ല' -ജയരാജന്‍ പറഞ്ഞു.

സി.പി.എം. നേതാക്കള്‍ പോയതിനു പിന്നാലെ രജീഷിനെ കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റാനുള്ള ഉത്തരവിറങ്ങി. പോലീസ് സംരക്ഷണയില്‍ രജീഷിനെ പെട്ടെന്നുതന്നെ കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. നേരത്തെ കോഴിക്കോട് സബ്ജയിലിലായിരുന്ന രജീഷിനെ തലശ്ശേരി കോടതിയുടെ കീഴില്‍ നിരവധി മറ്റു കേസുകളുള്ളതിന്റെ പേരിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/