സിംഗാളിന്റെ സുരക്ഷാക്രമീകരണങ്ങളിലെ വീഴ്ച ഗൂഢാലോചന - വി.എച്ച്.പി.

Posted on: 23 Dec 2012കൊച്ചി: കേരളത്തില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ വി.എച്ച്.പി. അന്തര്‍ദേശീയ മാര്‍ഗദര്‍ശക് അശോക് സിംഗാളിന്റെ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ പാളിച്ചകള്‍ യാദൃച്ഛികമെന്ന് വിലയിരുത്താന്‍ ആകില്ലെന്നും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും വി.എച്ച്.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍ ആവശ്യപ്പെട്ടു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ വിഭാഗത്തില്‍പ്പെട്ട അശോക് സിംഗാള്‍ വെള്ളിയാഴ്ച രാത്രി 9.15ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിയെങ്കിലും കേരള പോലീസ് സുരക്ഷാ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ വിസമ്മതിച്ചു.

സിംഗാളിനും കമാന്‍ഡോകള്‍ക്കും ഒരു മണിക്കൂറോളം പുറത്തിറങ്ങാതെ ഇരിക്കേണ്ടി വന്നു. സിംഗാളിന്റെ യാത്ര മുന്‍കൂട്ടി പോലീസ് സംവിധാനത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ബുള്ളറ്റ് പ്രൂഫ് വാഹനം നിഷേധിക്കുകയും ഒപ്പമെത്തിയ കമാന്‍ഡോകള്‍ക്ക് വാഹനം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തത് പോലീസ്‌സേനയിലെ ചിലര്‍ ഗൂഢാലോചന നടത്തിയതുകൊണ്ടാണ്. വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെട്ടതിനുശേഷമാണ് ഭാഗികമായെങ്കിലും പോലീസ് സഹകരിക്കാന്‍ തയ്യാറായത്. എന്നിട്ടും ബുള്ളറ്റ് പ്രൂഫ് വാഹനം ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് വി.എച്ച്.പി. പ്രവര്‍ത്തകരുടെ വാഹനത്തിലാണ് സിംഗാള്‍ യാത്ര തിരിച്ചത്. പോലീസ്‌സേനയിലെ ഇത്തരം നിഗൂഢ ശക്തികളെക്കുറിച്ച് അന്വേഷിച്ച് കര്‍ക്കശ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാകണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/