സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കാണാന്‍ ഭരണകൂടങ്ങള്‍ കണ്ണു തുറക്കണം: മഹാശ്വേതാ ദേവി

Posted on: 23 Dec 2012

കൊച്ചി: അനാവശ്യമായ പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ ഭരണകൂടങ്ങള്‍ കണ്ണു തുറന്ന് കാണണമെന്ന് സാമൂഹികപ്രവര്‍ത്തകയും സാഹിത്യകാരിയുമായ മഹാശ്വേതാ ദേവി. കേരളത്തിലെ ഭരണാധികാരികള്‍ അതിവേഗ റെയില്‍വേ പോലുള്ള അനാവശ്യ പദ്ധതികള്‍ക്കായി 75, 000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ശക്തമായി രംഗത്തിറങ്ങുമെന്നും മഹാശ്വേതാ ദേവി പറഞ്ഞു. അതിവേഗ റെയില്‍ പദ്ധതികള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് അതിവേഗ റെയില്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച സംസ്ഥാന തല സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

അതിവേഗ റെയില്‍വേ പദ്ധതി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മഹാശ്വേതാ ദേവി പറഞ്ഞു. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനകീയ സമിതി ചെയര്‍മാന്‍ സി.ആര്‍. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് ഉപകാരപ്പെടാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി ഒരു കാരണവശാലും തങ്ങളുടെ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറല്ലെന്ന് ജനകീയ സമിതി അംഗങ്ങള്‍ ചടങ്ങില്‍ പ്രതിജ്ഞയെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ.ബി. സാബു, പ്രൊഫ.അരവിന്ദാക്ഷന്‍, എം.ടി. പ്രസാദ്, വി.എസ്. പ്രഭാത്, ശിവപ്രസാദ് ഇരവിമംഗലം, മനോജ് ചീക്കപ്പറ്റ, വി.എം. മൈക്കിള്‍, സേവ്യര്‍ തായങ്കരി എന്നിവര്‍ സംസാരിച്ചു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/