എട്ടാം മുജാഹിദ് സംസ്ഥാന സമ്മേളനം 27ന് ആരംഭിക്കും

Posted on: 23 Dec 2012കൊച്ചി: എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനം 27 ന് കോഴിക്കോട് രാമനാട്ടുകരയില്‍ ആരംഭിക്കുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് എന്ന പ്രമേയത്തില്‍ നടക്കുന്ന ചതുര്‍ദിന സമ്മേളനം ബ്രിട്ടനിലെ സാമൂഹിക പരിഷ്‌കര്‍ത്താവും മാധ്യമ നിരൂപകനുമായ ഡേവിഡ് ഇസ്മായില്‍ ബുള്ളോക്ക് ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷത്തോളം ക്യാമ്പ് പ്രതിനിധികള്‍ക്ക് താമസത്തിനും പ്രാര്‍ത്ഥനയ്ക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനത്തില്‍ അഞ്ചു ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് പരിപാടി കാണാന്‍ അവസരം ഒരുക്കിയിട്ടുള്ളതായി നേതാക്കള്‍ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്മേളനം കാണുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.എന്‍.എം. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എച്ച്.ഇ. മുഹമ്മദ് ബാബുസേഠ് പറഞ്ഞു. 6 വേദികളിലായാണ് സമ്മേളനം. ആന്തമാന്‍ നിക്കോബാറില്‍ നിന്നും ലക്ഷദ്വീപുകളില്‍ നിന്നുമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളും ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാരും പങ്കെടുക്കും. സമ്മേളന നഗരിയില്‍ ഞായറാഴ്ച നവോത്ഥാന ചരിത്ര പ്രദര്‍ശനം തുടങ്ങും.

ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാവും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊതുസംവാദം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മുഹമ്മദ് മേത്തര്‍, സലീം ഫാറൂക്കി എന്നിവര്‍ സംസാരിച്ചു.
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/