യാത്രക്കാരിയെ ബുദ്ധിമുട്ടിച്ച ടി. ടി. ഇ. 25000 രൂപ നല്‍കാന്‍ ഉത്തരവ്

Posted on: 23 Dec 2012കൊച്ചി: രാത്രിയില്‍ യാത്രക്കാരിയെ ബുദ്ധിമുട്ടിച്ചതിന് റെയില്‍വേ ടി. ടി. ഇ. 25000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃകമ്മീഷന്‍ ഉത്തരവ്. കോടതി ചെലവായി 500 രൂപയും നല്‍കണം. ഉപഭോക്തൃകമ്മീഷന്‍ ആക്ടിങ് പ്രസിഡന്റ് എം. കെ. അബ്ദുള്ളസോണയുടേതാണ് ഉത്തരവ്.

കോട്ടയം സ്വദേശിനിയായ റിട്ട. സ്‌കൂള്‍ അധ്യാപിക ആലിസ് ജോസഫിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2008 നവംബര്‍ നാലിനാണ് കേസിനാസ്​പദമായ സംഭവം. ആലിസ് ജോസഫ് മരുമകനോടൊപ്പം മലബാര്‍ എക്‌സ്​പ്രസ്സില്‍ എസ് 6 കമ്പാര്‍ട്ടുമെന്റില്‍ 17, 78 നമ്പരുകളുള്ള ബര്‍ത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ചാര്‍ട്ട് നോക്കി അപ്പോഴുണ്ടായിരുന്ന ടി. ടി. ഇ. ടിക്കറ്റില്‍ ബര്‍ത്ത് നമ്പര്‍ നോക്കി ഇന്‍ഷ്യല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ രാത്രി 11 മണിയോടെ വേറെ ഒരു ടി. ടി. ഇ. വരികയും ബര്‍ത്ത് ഇതല്ലെന്ന് പറഞ്ഞ് തീവണ്ടിയില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിന്റെയും യാത്രക്കാരുടെയും ഇടപെടലിനെ തുടര്‍ന്ന് അധ്യാപികയുടെ ബര്‍ത്ത് നമ്പര്‍ 49 ആണെന്ന് മനസ്സിലാക്കുകയും തുടര്‍ന്ന് ബര്‍ത്ത് നല്‍കുകയും ചെയ്തു.

റെയില്‍വേയുടെ വീഴ്ചക്കെതിരെ ഇവര്‍ കോഴിക്കോട് ജില്ലാ ഫോറത്തില്‍ പരാതി നല്‍കുകയും നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഫോറം വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ റെയില്‍വേ നല്‍കിയ അപ്പീല്‍ തീര്‍പ്പാക്കി കൊണ്ടാണ് പരാതിക്കാരിക്ക് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കാന്‍ ഉത്തരവിട്ടത്.

ബര്‍ത്ത് നമ്പര്‍ 49 ന് പകരം 17 നല്‍കിയത് ടി. ടി. ഇ. യ്ക്ക് പറ്റിയ പിഴവാണെന്ന് റെയില്‍വേ സമ്മതിച്ചിരുന്നു. റെയില്‍വേയുടെ പണം ജനങ്ങളുടെ പണമാണെന്നും ജീവനക്കാരുടെ കൃത്യവിലോപത്തിന് അവര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് ഉപഭോക്തൃകമ്മീഷന്റെ ഉത്തരവ്.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/