സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി: ഒരുലക്ഷം പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കുന്നു

Posted on: 23 Dec 2012കൊച്ചി: കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷിക്കുന്നു. 2013 ജനവരി 12 മുതല്‍ 2014 ജനവരി 12 വരെ നീളുന്ന ആഘോഷങ്ങള്‍ ഭാരതത്തിലും വിദേശത്തും നടക്കും. മാതാ അമൃതാനന്ദമയി അധ്യക്ഷയായി അഖിലഭാരതീയ ആഘോഷസമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് ആഘോഷസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷനും അഡ്വ. സി.കെ. സജി നാരായണന്‍ ജനറല്‍ സെക്രട്ടറിയുമായി 150 അംഗ സംസ്ഥാന ആഘോഷ സമിതിയും രൂപവത്കരിച്ചു.

പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഒരു ലക്ഷം സന്നദ്ധ പ്രവര്‍ത്തകര്‍ സ്വാമി വിവേകാനന്ദന്റെ കന്യാകുമാരിയിലെ ധ്യാനാരംഭദിനമായ ഡിസംബര്‍ 25ന് പ്രതിജ്ഞ എടുക്കും. ജനവരി 12ന് പഞ്ചായത്ത്-നഗരതലങ്ങളില്‍ 1001 ശോഭായാത്രകള്‍ നടക്കും. തിരുവനന്തപുരത്താണ് മഹാശോഭായാത്ര. 2013 മാര്‍ച്ചില്‍ വിവേകാനന്ദ സന്ദേശവുമായി കേരളത്തിലെ 20 ലക്ഷം വീടുകളില്‍ സമ്പര്‍ക്കം നടക്കും. ഇതിലൂടെ വിവേകാനന്ദ സാഹിത്യത്തിന്റെ 10 ലക്ഷം പുസ്തകങ്ങളും പ്രചരിപ്പിക്കും. സ്വാമിജിയുടെ ചിക്കാഗോ പ്രസംഗദിവസം വിശ്വസാഹോദര്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സപ്തംബര്‍ 11ന് നഗരങ്ങളില്‍ കൂട്ടയോട്ടം നടക്കും.

യുവാക്കള്‍, സ്ത്രീകള്‍, വനവാസികള്‍, ചിന്തകന്മാര്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളും സെമിനാറുകളും നടക്കും. ഗ്രാമീണമേഖലയില്‍ പുത്തനുണര്‍വേകാന്‍ 'ഗ്രാമായണം' പരിപാടികളും നടക്കും. ഗ്രാമങ്ങളില്‍ വിവേകാനന്ദോദ്യാനങ്ങള്‍ നിര്‍മിക്കുന്നതു കൂടാതെ തിരുവനന്തപുരം, തൃശൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വാമി വിവേകാനന്ദപ്രതിമകളും സ്ഥാപിക്കും. ആഘോഷങ്ങളുടെ സമാപനമായി 2014 ജനവരിയില്‍ ജില്ലാ കേന്ദ്രങ്ങളില്‍ റാലികളും പൊതുയോഗങ്ങളും നടക്കും.

ആഘോഷ സമിതി, ജനറല്‍ കണ്‍വീനര്‍ പി.എന്‍. ഈശ്വരന്‍, ഇ.എന്‍. നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/