മതപരിവര്‍ത്തനം ഹിന്ദുസമൂഹത്തിന് പ്രധാന വെല്ലുവിളി-അശോക്‌സിംഗാള്‍

Posted on: 23 Dec 2012

ആലുവ: മതപരിവര്‍ത്തനമാണ് ഭാരതത്തിലെ ഹിന്ദു സമൂഹം നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ രക്ഷാധികാരി അശോക് സിംഗാള്‍ പറഞ്ഞു.

ആലുവ കേശവസ്മൃതിയില്‍ സംന്യാസി ശ്രേഷ്ഠന്മാരുടെ സംഘടനയായ മാര്‍ഗ്ഗദര്‍ശക് മണ്ഡലത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇവിടെ നിത്യസംഭവമായിരിക്കുകയാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് നേരെയും ശ്രീലങ്കയില്‍ തമിഴ് വംശജര്‍ക്ക് എതിരെയുമുള്ള ആക്രമണങ്ങളെല്ലാം യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമണങ്ങളാണെന്ന് ഹിന്ദു സമൂഹം മനസ്സിലാക്കണം- സിംഗാള്‍ പറഞ്ഞു. ഭാഷാപരമായ തലത്തില്‍ നിന്നുള്ള ചിന്തകളാണ് ഇവിടത്തെ ഹിന്ദുക്കളെ നയിക്കുന്നത്. അതുകൊണ്ട്തന്നെ ഭാഷയുടെ പേരില്‍ അവര്‍ വിഘടിച്ച് നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലോക ഹിന്ദു എന്ന ചിന്ത ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ക്രൈസ്തവ-ഇസ്ലാമിക മതപരിവര്‍ത്തന തന്ത്രങ്ങളും ജിഹാദി ഭീകരതകളും വിവിധ മുഖങ്ങളുമായി രംഗപ്രവേശനം ചെയ്യുന്ന സാഹചര്യത്തില്‍ സംന്യാസിമാര്‍ ഒരുമിച്ച് ധര്‍മ്മസംരക്ഷണത്തിന് നേതൃത്വം കൊടുക്കണം- സിംഗാള്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ആശ്രമങ്ങളുടെയും ഒരു കൂട്ടായ്മ വേണം. അതിനായി സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു.

സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി ബ്രഹ്മപരാനന്ദസരസ്വതി, സ്വാമി ധര്‍മ്മാനന്ദ, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി ഗംഗാധരാനന്ദ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രശാന്താനന്ദസരസ്വതി എന്നിവര്‍ സംസാരിച്ചു. വിവിധ സംന്യാസിമഠങ്ങളേയും ആശ്രമങ്ങളേയും പ്രതിനിധീകരിച്ച് നൂറോളം സംന്യാസിമാര്‍ എത്തിയിരുന്നു.വിശ്വഹിന്ദുപരിഷത്ത് ദേശീയ ഉപാധ്യക്ഷന്‍ കെ. വി. മദനന്‍, പി. എസ്. കാശിവിശ്വനാഥന്‍, ജസ്റ്റിസ് എം. രാമചന്ദ്രന്‍, ബി. ആര്‍. ബാലരാമന്‍, വി. മോഹനന്‍, എ. ഗോപാലകൃഷ്ണന്‍, പി. കെ. വിശ്വനാഥന്‍, കുമ്മനം രാജശേഖരന്‍, സുധാംശു പട്‌നായിക്, എം. സി. വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/