ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി

Posted on: 23 Dec 2012

നെടുമ്പാശ്ശേരി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് മടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 4.50ന് പ്രത്യേക വിമാനത്തിലാണ് ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോയും സാല്‍വത്തോറെ ജിറോണും ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് മടങ്ങിയത്. ഇവരോടൊപ്പം ഒന്‍പതംഗ ഇറ്റാലിയന്‍ സംഘവും ഉണ്ടായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ഇവരെ കൊണ്ടുപോകാന്‍ നേരത്തെതന്നെ ഇറ്റലിയില്‍നിന്നും പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിലെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ക്ലിയറന്‍സും സിറ്റി പോലീസ് കമ്മീഷണറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിപത്രവും ലഭിക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.

വെള്ളിയാഴ്ച രാത്രി വൈകിയാണ് രേഖകള്‍ ശരിയായത്. തുടര്‍ന്ന് കൊച്ചിയില്‍ തങ്ങിയ സംഘം ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൊച്ചി വിമാനത്താവളത്തിലെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായെങ്കിലും പിന്നീട് ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിച്ചു. നാവികര്‍ക്കായി കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കൊല്ലത്തും നെടുമ്പാശ്ശേരിയിലും വെള്ളിയാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നതിനാല്‍ ശനിയാഴ്ച നാവികര്‍ നാട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ വിമാനത്താവളത്തിലും കനത്ത പോലീസ് കാവല്‍ ഒരുക്കിയിരുന്നു.

ഇന്ത്യയുടെ വികാരം മാനിക്കുമെന്നും നാവികര്‍ ഇന്ത്യയിലേക്ക് ഉറപ്പായും തിരിച്ചുവരുമെന്നും ഇറ്റാലിയന്‍ സ്ഥാനപതി ജിയാ കോമോ സാന്‍ ഫിലിസ് ഡി മോണ്‍ടി ഫോര്‍ട്ടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Related News
Tags:  Mathrubhumi Newspaper Edition. Kerala, India, Asia, World News. Malayalam

 

 

 

 

 

  »>   News in this Section
http://whos.amung.us/stats/readers/ufx72qy9661j/